26
Thursday
November 2020

26
Thursday
November 2020

Stories UPDATES

നാൽപത് കൊല്ലം ഐസ് വിൽപ്പന നടത്തി ഒരാൾ

9th of June 2019

നാല് പതിറ്റാണ്ടിന്റെ ഐസ് ജീവിതം -നൗഷാദ് മേൽമുറി

എസദ്ദുവിന്റെ ജീവിത കഥ

പൂക്കോട്ടൂർ പള്ളിപ്പടിയിൽ വന്ന് പറാഞ്ചേരി അബ്ദുറഹ്മാനെ അന്വേഷിച്ചാൽ അറിയില്ലെന്ന് പലരും നെറ്റി ചുളിക്കും. എന്നാൽ ഐസദ്ദുവെന്ന് പറഞ്ഞാൽ ഏത് കുട്ടിക്കുമറിയാം. പറാഞ്ചേരി അബ്ദുറഹ്മാൻ ഐസുമായി രംഗത്തെത്തി കുട്ടികളുടെ പ്രിയപ്പെട്ട ഐസദ്ദുവായിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞു. പൂക്കോട്ടൂരിലേയും പരിസരത്തേയും സ്കൂൾ കുട്ടികൾക്ക് അദ്ദുവൈസിന്റെ തണുപ്പ് ഏറെ സുപരിചിതമാണ്. പൊള്ളുന്ന ഉച്ചച്ചൂടിൽ വാടിക്കരിഞ്ഞ കുട്ടികളുടെ ഇളം ചുണ്ടിൽ ഐസിന്റെ തണുപ്പെത്താൻ നാൽപത് വർഷങ്ങൾക്കിപ്പുറവും ഐസദ്ദുവുണ്ട്, കാര്യമായ മാറ്റങ്ങളില്ലാതെ.

ജീവിതം ഐസിലുറച്ചത്

അബ്ദുവിന് ഒന്നര വയസ്സുള്ളപ്പോൾ പിതാവ് മരണപ്പെട്ടു. സ്കൂളിലും മദ്റസയിലും രണ്ടാം ക്ലാസ്സ് വരെ പഠിക്കാനേ അബ്ദുവിന് നിയോഗമുണ്ടായുള്ളൂ. പിതാവിന്റെ വിയോഗം തീർത്ത വിടവ് നികത്താൻ 1971- ൽ തന്റെ എട്ടാം വയസ്സിൽ അബ്ദു കടലയുമായി തെരുവിലിറങ്ങി. സൈ്ലറ്റും പെൻസിലും പിടിച്ചു നടക്കേണ്ട പ്രായത്തിൽ അബ്ദു കടലപ്പൊതി പിടിച്ചു നിന്നു, പൂക്കോട്ടൂർ ഹൈസ്കൂളിനു മുന്നിൽ. അന്ന് ഒരു പൈസക്ക് നാല് കടലയാണ് നൽകിയിരുന്നത്. അതിൽ നിന്നുള്ള തുച്ഛ വരുമാനം വീട്ടിലെത്തിച്ചു. മൂന്ന് വർഷത്തോളം കടലക്കച്ചവടം നടത്തിയ അബ്ദുവിന്റെ പ്രാരാബ്ധം കണ്ട്, സ്കൂൾ പരിസരത്ത് ഐസ് കച്ചവടം തുടങ്ങിയിരുന്ന ഒരാൾ അബ്ദുവിനെ എെസ് വിൽക്കാൻ പ്രേരിപ്പിച്ചു. മോങ്ങത്തെ എെസ് ഫാക്ടറിയിൽ നിന്ന് താൻ ഐസ് കൊണ്ടു വന്നു തരാമെന്നും അവിടെ നൽകുന്ന വില നൽകിയാൽ മതിയെന്നും അയാൾ പറഞ്ഞപ്പോൾ അബ്ദുവിന് ആവേശമായി. പൂക്കോട്ടൂർ ഹൈസ്കൂളിന് മുന്നിൽ ഐസ് കച്ചവടം നടത്തിയിരുന്ന അയാൾ അബ്ദുവിന് വേണ്ടി അവിടെ നിന്ന് തന്റെ കച്ചവടം മലപ്പുറത്തേക്ക് മാറ്റി. അങ്ങനെ 1974-ൽ അബ്ദു ഐസ് കച്ചവടത്തിലേക്ക് തിരിഞ്ഞു. വർഷങ്ങൾക്കിപ്പുറവും തുടരുന്ന എെസ് ജീവിതത്തിന്റെ തുടക്കം അങ്ങനെയായിരുന്നു.

പൂക്കോട്ടൂർ ഹൈസ്കൂൾ പരിസരത്ത് നിന്ന് മോങ്ങത്തേക്ക് കഷ്ടിച്ച് മൂന്ന് കിലോമീറ്റർ. അന്നും ഇന്നും അബ്ദു എെസ് മൊത്തമായി എടുക്കുന്നത് മോങ്ങത്തെ ഐസ് ഫാക്ടറിയിൽ നിന്നാണ്. കച്ചവടം തുടങ്ങിയ കാലത്ത് രണ്ട് രൂപക്ക് നൂറ് എെസ് വരെ ഫാക്ടറിയിൽ നിന്ന് ലഭിക്കുമായിരുന്നു. ഇടക്ക് കോറിയിൽ മീൻ പിടിക്കാനും പോകാറുണ്ടായിരുന്നെന്ന് അബ്ദു ഓർക്കുന്നു. ഈ വരുമാനങ്ങൾ കൊണ്ട് അന്നന്നത്തെ ചെലവ് നടന്നു പോയി. മരപ്പെട്ടിയിൽ തെർമോകോൾ വെച്ചാണ് ഐസ് സൂക്ഷിച്ചിരുന്നത്. 

മാറ്റങ്ങൾക്കൊപ്പം

ഐസ് വിറ്റു കിട്ടിയ കാശ് കൊണ്ട് ആദ്യം ഒരു സൈക്കിൾ വാങ്ങി. ഇരുനൂറ് രൂപയായിരുന്നു സൈക്കിളിന്റെ വില. സൈക്കിളായതോടെ പരിസര പ്രദേശത്തേക്കു കൂടി പോകാൻ തുടങ്ങി. ഒരിക്കൽ ഒരു വെള്ളിയാഴ്ച ആലത്തൂർപടി ജുമാ മസ്ജിദ് പരിസരത്ത് എെസ് വിൽക്കാൻ ചെന്നു. നിസ്കാരം കഴിഞ്ഞിറങ്ങിയ കുട്ടികൾ അബ്ദുവിനെ പൊതിഞ്ഞു. അന്ന് നല്ല ലാഭം കിട്ടി. അന്നു മുതൽ അബ്ദുവിന്റെ ജുമുഅ ആലത്തൂർപടിയിലാണ്. 

ഒരിക്കൽ, മുസ്ലിം ലീഗിന്റെ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ടേക്ക് എെസ് വിൽക്കാൻ സൈക്കിളിൽ പോയത് അബ്ദു ഓർത്തെടുക്കുന്നു. ഒരു കാലത്ത് മോങ്ങം, കൊണ്ടോട്ടി സിനിമാ ശാലകളിൽ ഇന്റർബെൽ സമയത്തെ നിത്യ സന്ദർശകനായിരുന്നു അബ്ദു. ചേകനൂർ മൗലവി തിരോധാനവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി അരൂർ ചുവന്ന കുന്നിൽ മണ്ണു മാന്തിയെന്ത്രം വിലസിയ ദിവസങ്ങളിൽ അബ്ദുവിന് ചാകരയായിരുന്നു. തിളക്കുന്ന ചൂടിലും ജിജ്ഞാസയോടെ വന്നവരുടെ ചുണ്ടുകൾ അബ്ദുവിന്റെ ഐസേറ്റ് തണുത്തു.

അതിനിടെ സൈക്കിൾ മാറ്റി ചെറിയ സ്കൂട്ടറെടുത്തു. പിന്നീട് എെസ് കച്ചവടത്തിന് വേഗത കൂടി. കച്ചവട വ്യാപ്തി ഒന്നു കൂടി വർദ്ധിപ്പിച്ചു. പൂക്കോട്ടൂർ ഹൈസ്കൂളിന് പുറമെ മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, അരീക്കോട് അടക്കമുള്ള സ്ഥലങ്ങളിലെ ഇരുപതോളം സ്കൂളുകളിലെ കുട്ടികൾക്ക് അബ്ദു സുപരിചിതനായി. ഓരോ ദിവസവും മാറി മാറി വിവിധ സ്കൂൾ പരിസരങ്ങളിലെത്തി. ഐസിനൊപ്പം മധുര നാരങ്ങ മുറിച്ച് മുളകിട്ടു വെച്ചപ്പോൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. അതോടെ മധുര നാരങ്ങയും അബ്ദുവിന്റെ സന്തത സഹചാരിയായി. അതിനിടെ ഗുഡ്സ് ഓട്ടോ വാങ്ങി കച്ചവടം അതിലാക്കി. ഉപ്പിലിട്ടതിന്റെ കാലം വന്നപ്പോൾ അബ്ദു അതും പരീക്ഷിച്ചു. ഇന്ന് എെസ് മാത്രമല്ല, ഉപ്പിലിട്ട സകലതുമെടുത്താണ് അബ്ദുവിന്റെ സഞ്ചാരം. മാങ്ങ, നെല്ലിക്ക, പേരക്ക, പൈനാപ്പിൾ, കക്കരിക്ക, സഫർജിൽ, എലന്തപ്പഴം എന്നു വേണ്ട സകലതും ഉപ്പിലിട്ട് കുപ്പിയിലാക്കി അബ്ദു ഓട്ടോയുമായി ദിവസവും രാവിലെ വീടു വിട്ടിറങ്ങുന്നു. പുഴുങ്ങിയ കോഴിമുട്ട വരെ ഉപ്പിലിടാറുണ്ടെന്ന് അബ്ദു പറയുന്നു. 

പുതിയ പരീക്ഷണം

ഒരിക്കൽ രണ്ട് സ്ഥലത്ത് ഫുട്ബോൾ മത്സരം നടന്നപ്പോൾ, രണ്ടിടത്തും പോവാൻ അബ്ദുവിന് താത്പര്യം. പക്ഷേ ഒരേ സമയത്താണ് രണ്ട് കളിയും. അന്ന് അബ്ദു ഒരു പുതിയ പരീക്ഷണത്തിന് തുടക്കം കുറിച്ചു. ഒരിടത്ത് നേരത്തെ ചെന്ന് ഉപ്പിലിട്ടതെല്ലാം നിരത്തി വെച്ച് ഓരോന്നിന്റേയും വില കടലാസു തുണ്ടിൽ എഴുതി വെച്ച് കാശിടാൻ ഒരു ബക്കറ്റും വെച്ച് രണ്ടാമത്തെ സ്ഥലത്തേക്ക് പോയി. അവിടത്തെ കച്ചവടം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ ബക്കറ്റിൽ മോശമില്ലാത്ത കാശ്. തന്റെ അഭാവത്തിലും കച്ചവടം പൊടിപൊടിച്ചുവെന്ന് അബ്ദു മനസ്സിലാക്കി. ഇന്നും ഒരേ സമയത്തെ രണ്ട് കച്ചവടം അബ്ദു തുടർന്നു വരുന്നുണ്ട്. വിശ്വാസം, അതല്ലേ എല്ലാം. എന്നേ അതേ കുറിച്ച് അബ്ദുവിന് പറയാനുള്ളൂ. ഇപ്പോൾ ചില വെള്ളിയാഴ്ചകളിൽ അബ്ദുവിനെ ആലത്തൂർപടിയിൽ കാണില്ല. എന്നാൽ അബ്ദുവിന്റെ അസാന്നിദ്ധ്യത്തിലും ആ കച്ചവടം പൊടിപൊടിക്കുന്നുണ്ടാവും. ആവശ്യമുള്ളവർക്ക് ഉപ്പിലിട്ടത് ഏതും എടുത്തു തിന്നാം. എന്താ വേണ്ടതെന്ന് ചോദിക്കാനോ കാശ് വാങ്ങാനോ ആരും കാണില്ല. തുറന്നു വെച്ച ബക്കറ്റുണ്ടാവും. 

ഉരുകിയൊലിക്കാതെ ജീവിതം

ഐസും ഉപ്പിലിട്ടതും കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവുമോ എന്ന സംശയത്തിന് അബ്ദുവിന്റെ ജീവിതം തന്നെ മറുപടി. അഞ്ചു മക്കളെ നന്നായി വളർത്തി. മൂന്ന് പെൺമക്കൾ, രണ്ട് ആൺമക്കൾ. രണ്ടു പെൺമക്കളെ നല്ല രീതിയിൽ കെട്ടിച്ചയച്ചു. മൂന്നാമത്തെ മകൾ പഠിച്ചു കൊണ്ടിരിക്കുന്നു. രണ്ട് ആൺമക്കൾക്കും മോശമില്ലാത്ത ജോലിയുണ്ട്. അവരിലൊരാൾ വിദേശത്താണ്. സൗകര്യങ്ങളുള്ള സുന്ദരമായ നല്ലൊരു വീട്. ഇനി ഉപ്പ കഷ്ടപ്പെടേണ്ടെന്ന് മക്കൾ സ്നേഹത്തോടെ പറയാറുണ്ടെങ്കിലും നാല്പത് വർഷത്തെ തന്റെ തൊഴിലിനോട് വിട പറയാൻ മനസ്സു വരുന്നില്ലെന്ന് അബ്ദു പറയുന്നു.

പരിസരത്തെ വഅള് പരിപാടികളിലും സ്കൂൾ വാർഷികങ്ങളിലും ഫുട്ബോൾ മേളകളിലും ഉത്സവങ്ങളിലും  ക്ലബ്ബ് വാർഷികങ്ങളിലും എന്ന് വേണ്ട ആൾക്കൂട്ടം കാണുന്നിടത്തൊക്കെ എത്തിപ്പെടാൻ അബ്ദു ശ്രദ്ധിക്കുന്നു.

ഐസ് സാക്ഷി

ഇന്നും അബ്ദു പതിവു പോലെ തന്റെ ഗുഡ്സ് ഓട്ടോയിൽ ഇറങ്ങിയിട്ടുണ്ടാവും, തന്റെ സന്തത സഹചാരികളേയും കൂട്ടി. പൊള്ളുന്ന വെയിലിന്റെ അത്യുഷ്ണത്തിൽ ഉരുകുന്ന ഉച്ചക്കും ഒരു തണൽമരച്ചോട്ടിൽ ഇരിപ്പുണ്ടാവും അയാൾ. ചുറ്റും ആവശ്യക്കാരായ കുട്ടികളും.  ഒരു മടിയും മടുപ്പും കൂടാതെ, ആത്മാഭിമാനത്തോടെ, നാല് പതിറ്റാണ്ട് തന്നെ വളർത്തിയ തൊഴിലിൽ ആത്മ സംതൃപ്തി കണ്ടെത്തി, ആരോടും പരാതിയും പരിഭവവുമില്ലാതെ, ആർക്കും ശല്ല്യമാവാതെ അബ്ദു ജീവിക്കുന്നു, ഐസിനേയും ഉപ്പിലിട്ടതിനേയും സാക്ഷി നിർത്തി. 

നൗഷാദ് മേൽമുറി | 9946296929


Related UPdates
newsletter

Subscribe to our email newsletter