26
Thursday
November 2020

26
Thursday
November 2020

Travel UPDATES

ഷബീറലി പടന്നക്കാരന്റെ കേരള ടു കാശ്മീർ

16th of February 2019

കാശ്മീരിലേക്ക്‌ കാറും കൊണ്ട്‌ പോകുന്നു എന്ന കേട്ടപാടെ ബാപ്പയും സുഹൃത്തുക്കളും പറഞ്ഞത്‌ "നിനക്ക്‌ പ്രാന്താടാ" എന്നായിരുന്നെങ്കിൽ ഉമ്മ പറഞ്ഞത്‌ കുറച്ച്‌ നേരത്തെ പറഞ്ഞെങ്കിൽ ഞാനും കൂടി വരുമായിരുന്നു എന്നായിരുന്നു.ഭാര്യയുടെ മറുപടി "നിങ്ങക്ക്‌ പിരാന്തയോ‌ മനുഷ്യ ' എന്ന തമാശ രൂപേണയും സഹോദരി 'എബ്ബ്‌ കാശ്മീരേക്കാ 'എന്നുമുള്ള വ്യത്യസ്ഥ പ്രതികരണമായിരുന്നുവെന്ന് പറഞ്ഞാണ് സോഷ്യൽ ആക്ടിവിസ്റ്റും പ്രളയകാലത്ത് ശ്രദ്ധേയനായ ഷബീറലി പടന്നക്കാരന്റെ കേരള ടു കാശ്മീർ ' റോഡ് യാത്രാനുഭവങ്ങൾ പങ്ക് വെക്കുന്നത്.
പശു രാഷ്ട്രീയവും ഇന്ത്യയുടെ വൈവിദ്ധ്യവും ഭക്ഷണവും ഗതാഗത വിവരങ്ങളും പോലിസിൽ നിന്ന് ലഭച്ച ഫൈൻ വിവരങ്ങളുൾപ്പെടെ എല്ലാം അടങ്ങിയ നേരെ ചൊവ്വേ പറയുന്ന യാത്രനുഭവമായി ഇതിനെ വായിക്കാം..

ഷബീറലിയുടെ പോസ്റ്റ്:

മാനസിക സമ്മർദ്ധം കുറക്കാനുള്ള ഒറ്റമൂലിയായിരുന്നു ഈ നീണ്ട ഇന്ത്യൻ പര്യടനം.
സുഹൃത്ത്‌ ആഷിഖും,9 ആം ക്ലാസുകാരൻ അനുജനും യാത്രയുടെ ഭാഗമായി പിന്നെ എല്ലാം പെട്ടെന്നാണ് തയ്യാറെടുപ്പുകൾ നടത്തിയത്‌. 

ഇന്ത്യ കറങ്ങണം എന്ന ആശ ഖൽബിൽ വന്നത്‌ എത്ര വർഷം മുമ്പാണെന്ന് അറിയില്ല. ആശ മനസ്സിൽ എപ്പോഴുമുണ്ടായിരുന്നു.
ആശ ഖൽബിൽ വെച്ച്‌ ഒന്ന് രണ്ട്‌ ദിവസം കൊണ്ട്‌ കറങ്ങാൻ പറ്റുന്ന യു എ യി മൊത്തം പലഘട്ടങ്ങളിലായികറങ്ങിയിട്ടുണ്ട്‌. മരുഭൂമി,എൻക്ലേവ്‌,വാദി അങ്ങനെ റാസൽഖൈമ,ഫുജൈറ,അൽ ഐൻ,ഷാർജ്ജ,ഉമ്മ ുൽ ഖുവൈൻ,അബുദാബി,അജ്മാൻ,ദുബായ്‌ എല്ലാ മുക്കിലും മൂലയിലും ഒറ്റക്കും സുഹൃത്തുക്കളെ കൂട്ടിയും ഭാര്യ ഷബാനയേയും കൂട്ടിയും,5 വയസ്സായ മോളെ മാത്രം കൂട്ടിയും യാത്ര ചെയ്തിട്ടുണ്ട്‌. 

എന്തിന് കേരളം മുതൽ കാശ്മീരിലേക്ക് യാത്ര:

അച്ചടിച്ച അക്ഷരങ്ങളിൽ മാത്രം വായിച്ചതാണ് വൈവിധ്യങ്ങളുടെ ഇന്ത്യ!! ഈ വൈവിധ്യം അനുഭവിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നില്ല മനസ്സിൽ.
ഈ പശു രാഷ്ട്രീയ നാടകം അവസാനിച്ചാൽ ഇന്ത്യക്ക്‌ ശോഭനമായ ഒരു ഭാവിയുണ്ട്‌. അത്‌ ഒരാൾക്കും പ്രവചിക്കാൻ പറ്റാത്ത രീതിയിലാണ്. ചിലപ്പോൾ ഇനിയും 25-30 കൊല്ലം കാത്തിരിക്കേണ്ടി വരും.ആ സാധ്യതകൾ എന്താണെന്നും എങ്ങനെയാണെന്നും കൂടി മനസ്സിലാക്കാനും പഠിക്കാനും കൂടിയുള്ളതായിരുന്നു യാത്ര.20+ വിദേശ രാജ്യങ്ങൾ നാം കാണുന്നതിനേക്കാൾ വലിയ അനുഭവം ഇന്ത്യ എന്ന വൈവിധ്യങ്ങളുടെ മഹാ രാജ്യം യാത്ര ചെയ്താൽ അനുഭവിച്ചറിയാം. മഞ്ഞും,മലയും,കുന്നും,കടലും,പുഴകളും,തോടുകളും,മരുഭൂമിയും അങ്ങനെ എല്ലാം ഒരൊറ്റ യാത്രയിൽ അനുഭവിച്ചറിയാൻ സാധിക്കും.മഞ്ഞ്‌ പെയ്യുന്നത്‌ അനുഭവിച്ചറിയാത്ത നാട്ടിൽ നിന്ന് ഒരുവൻ കടൽ അനുഭവിച്ചറിയാത്തവരുടെ നാട്ടിലേക്കുള്ള യാത്ര!!

ഇന്ത്യ എന്ന വൈവിധ്യം:

8000+ കിലോമീറ്ററുകളാണ് ഞങ്ങൾ താണ്ടിയത്‌ .ഓരോ 10 കിലോമീറ്റർ ദൂരത്തിലും വായു മാറുന്നു,വെള്ളം മാറുന്നു,ഭാഷ മാറുന്നു,വേഷം മാറുന്നു ,ഭൂമിയുടെ നിറം മാറുന്നു,മനുഷ്യരുടെ കോലം ,സ്വഭാവം മാറുന്നു,ഭൂമിയുടെ മണം മാറുന്നുഅതൊക്കെ എങ്ങനെ ഞാൻ എഴുതി പ്രതിഫലിപ്പിക്കും?

സംസാര പ്രിയരായ ഞങ്ങൾ യാത്രയിലുടനീളം കണ്ണിൽ കാണുന്ന എല്ലാവരോടും കുശലം പറഞ്ഞ്‌ അവരുമായി കളിച്ച്‌ ചിരിച്ച്‌ കൈകൾ കൊടുത്ത്‌ അങ്ങനെ യാത്ര തുടർന്നു.ഗ്രാമങ്ങളിലൂടെ യാത്ര ചെയ്ത്‌ അവരുടെ വീടുകളിൽ വിളിക്കാത്ത അതിഥിയായ്‌ ചെന്ന് അവരോട്‌ മിണ്ടിയും പറഞ്ഞ്‌ അവരിൽ ഒരാളായി മാറി.
കണ്ണെത്താ ദൂരത്തുള്ള കൃഷികൾക്ക്‌ അരുകിൽ നിർത്തി മണ്ണിനോട്‌ മല്ലടിക്കുന്ന ഇന്ത്യയെ നില നിർത്തുന്ന കർഷകർ എന്ന മഹാന്മാരോട്‌ കുശലം പറഞ്ഞു. 

പശുവും ഇന്ത്യയും:

മാംഗ്ലൂർ കഴിഞ്ഞാൽ റോഡിൽ ഒരു മനുഷ്യൻ ഉണ്ടെങ്കിൽ കൂടെ ഒന്നോ രണ്ടോ പശുവുണ്ടാകും.വീട്ട്‌ മുറ്റത്ത്‌ പശുവിന്റെ ആലയും 2-3ഉം പശുക്കളുമുണ്ടാകും. ജീവിതത്തിന്റെ ഭാഗമാണ് അവർക്ക്‌ പശു.പല വീടുകളിലും അടുപ്പുകൾ പുകയുന്നത്‌ ഈ പശുകാരണമാണ്.
ആ അർത്ഥത്തിൽ പശു അവർക്ക്‌ ദൈവമാണ് മാതാവാണ്!!വീട്ടിലെ മക്കളെകാളും നന്നായി അവർ പശുവിനെ പരിപാലിക്കും.പശുവിനെ കൊണ്ട്‌ ഇനിയുള്ള കാലം വരുമാനമില്ലങ്കിൽ അവർ അറവ്‌ ശാലകളിലോ മറ്റോ വിൽക്കും.ബി ജെ പി എന്ന പാർട്ടിക്ക്‌ പശുവിനോടുള്ള ജനങ്ങളുടെ പൾസ്‌ നന്നായി അറിയുന്നത്‌ കൊണ്ടാണ് പശു രാഷ്ട്രീയം കളിക്കുന്നത്‌. അവർ എന്ന് പശു രാഷ്ട്രീയം അവസാനിപ്പിക്കുന്നുവോ അന്ന് ഇന്ത്യ തിളങ്ങും അല്ല നോർത്ത്‌ ഇന്ത്യ തിളങ്ങും.വോട്ട്‌ ബാങ്ക്‌ ലക്ഷ്യം വെച്ച്‌ പശു രാഷ്ട്രീയം അവസാനിപ്പിക്കുമോ എന്ന് കണ്ടറിയാം. പശുക്കൾക്ക്‌ ആമ്പുലൻസ്‌,പശു ഷെൽട്ടർ,പശുക്കൾക്ക്‌ ആധാർ കാർഡ്‌,പശു സംരക്ഷണത്തിനായ്‌ കോടികൾ,പശുക്കൾക്ക്‌ മന്ത്രി ഇതൊക്കെ നാം മലയാളികൾക്ക്‌ ട്രോളാണ് പക്ഷെ അതൊക്കെ വോട്ട്‌ പെട്ടിയിൽ വീഴ്ത്താൻ ശക്തിയുള്ള ഒന്നൊന്നര മാരകായുധമാണ്. അത്ര മാത്രം പശു അവരുടെ ജീവിതത്തിന്റെ ഭാഗമാണ് പശുവില്ലാതെ ഞങ്ങളില്ല ഈ ലോകവുമില്ല എന്ന് കരുതുന്ന സാധുക്കൾ!! അവരുടെ മനോനില കിഡ്നാപ്പ്‌ ചെയ്താണ് ഈ പശു രാഷ്ട്രീയം മുന്നേറുന്നത്‌. ഇന്നത്തെ സാഹചര്യത്തിൽ ഏത്‌ പാർട്ടിയാണോ നന്നായി പശുവിനെ സംരക്ഷിക്കുന്നത്‌ അവരാണ് ഈ രാജ്യം ഭരിക്കാൻ അർഹർ എന്ന് ചുരുക്കം. ഈ മനോനില എപ്പോൾ മാറുന്നു അന്ന് ഇന്ത്യ ലോകത്തിന്റെ നെറുകയ്യിൽ എത്തും.

സംസ്ഥാനങ്ങൾ വിഭചിക്കുക:

ഏറ്റവും വൃത്തി ഹീനമായ സംസ്ഥാനമാണ് ഗുജറാത്ത്‌,യു പി,മധ്യപ്രദേശ്‌,രാജസ്ഥാൻ!!ജന സംഖ്യ തന്നെ മുഖ്യ കാരണം.സോഷ്യൽ മീഡിയയിലെ തള്ള്‌ കാരണം മാത്രം നേരിട്ട്‌ അനുഭവിച്ചറിയുക എന്ന ഉദ്ദേശത്തോടെയാണ് ഗുജറാത്തിലെ മുഖ്യ സിറ്റിയായ അഹമ്മദാബാദ്‌,വഡോര സന്ദർശിച്ചത്‌. കേട്ട അഹമ്മദാബാദിനെക്കാളും ഭീകരമാണ് നേരിട്ട്‌ കണ്ട അഹമ്മദാബാദ്‌!! വൃത്തി ഹീനമായ സിറ്റി,ഇടുങ്ങിയ റോഡുകൾ ,ഘട്ടറുകൾ എല്ലാം കൊണ്ടും 100% ടിപിക്കൽ നോർത്ത്‌ ഇന്ത്യ!!
സോഷ്യൽ മീഡിയയിൽ കണ്ട ഗുജറാത്ത്‌ മോഡൽ ഇതായിരുന്നൊ? അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വീർപ്പ്‌ മുട്ടുന്ന നഗരവും ഗ്രാമങ്ങളുമുള്ള ഗുജറാത്ത്‌!! ഈ 2019ലും കക്കൂസുകൾ ഇല്ലാത്ത വീടുകൾ!!

ആന്ദ്ര വിഭചിച്ചത്‌ പോലെ മുകളിലെ നാലു സ്റ്റേറ്റും വിഭചിച്ചാൽ ആ പ്രദേശങ്ങൾ ലോക ഭൂപടത്തിൽ എല്ലാ രീതിയിലും സ്ഥാനം പിടിക്കാൻ അധികനാൾ വേണ്ടി വരില്ല.അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വീർപ്പ്‌ മുട്ടുന്ന കോടാനുകോടി മനുഷ്യരെ കാണാം.വിഭചിച്ച്‌ ചണ്ടീഗണ്ട്‌ സിറ്റി പോലെ ഈ സംസ്ഥാനങ്ങളിലെ സിറ്റിയെ ലോക നിലവാരത്തിലെത്തിക്കാം. ഹരിയാന ,പഞ്ചാബ്‌ സംസ്ഥാനങ്ങളുടെ തലസ്ഥാനമാണ് ചണ്ടീഗണ്ട്. വളരെ നന്നായി ലോക നിലവാരത്തിൽ രൂപ കൽപന ചെയ്ത സിറ്റി. ഒരു വേള ഇത്‌ ഇന്ത്യ ആണോ എന്ന് സംശയിച്ച്‌ പോകും.നോർത്തിൽ മിക്ക സ്ഥലത്തും കാണുന്ന കുടിൽകെട്ടി ചേരി ആവുന്ന രീതി ചില ഇടത്ത്‌ ഇവിടേയും കണ്ട്‌ വരുന്നു അത്‌ നിയന്ത്രിച്ചില്ലെങ്കിൽ ചണ്ടീഗണ്ടും ടിപ്പിക്കൽ നോർത്ത്‌ സിറ്റിയാവും.പ്രവാസം മതിയാക്കി മലയാളികളായ കോട്ടയക്കാർ നിരവധി ബിസിനസ്സ്‌ സംരഭം ചണ്ടിഗണ്ടിൽ തുടങ്ങികഴിഞ്ഞു.

കച്ചവട‌ സാധ്യതകൾ/മറ്റ്‌ സാധ്യതകൾ:

www.inextinternational.com ന്റെ inext ലോഗയും വണ്ടിക്ക്‌ ഒട്ടിച്ച്‌ യാത്ര ചെയ്തത്‌ വ്യക്തമായ ഉദ്ദേശത്തോടെ തന്നെയായിരുന്നു.inextന്റെ സാധ്യത കൂടി മനസ്സിലാക്കുക എന്ന ലക്ഷ്യവും യാത്രക്ക്‌ ഉണ്ടായിരുന്നു.50 ഡിഗ്രി പൊള്ളുന്ന മരുഭൂമി ചൂടിലും,-50ഡിഗ്രി കൊല്ലുന്ന മഞ്ഞ്‌ പെയ്യുന്ന തണുപ്പിലും ജീവിതം പച്ച പിടിപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഷയോ വേഷമോ വിഷയമാക്കാതെ പറന്ന് പോകുന്ന മലയാളികൾക്ക്‌ ഒരു തുറന്ന വാതിലാണ് നോർത്ത്‌ ഇന്ത്യ. പ്രവാസം നിർത്തി നാട്ടിൽ കുഴിമന്തിയും,പ്രവാസി തട്ട്‌ കടയും തുടങ്ങി എട്ടും പൊട്ടും തിരിയാതെ നട്ടം തിരിയുന്നവർക്ക്‌ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഒരു കൈ നോക്കാം.ഒട്ടുമിക്ക ജി സി സി രാജ്യങ്ങളും ലോക്കലൈസേഷന്റെ ഘട്ടങ്ങളിലാണല്ലോ, അതുമായി ബന്ധപ്പെട്ട്‌ ജോലി നഷ്ടപ്പെട്ട് ,ബിസിനസ്സ്‌ പൊളിഞ്ഞ്‌ പലരും പതറി പോകുന്നത്‌ നേരിട്ട്‌ കണ്ടിട്ടുണ്ട്‌.അവർക്കുള്ള സാധ്യതകൾ നമ്മുടെ ഇന്ത്യയിൽ തന്നെ ധാരാളമുണ്ട്‌.
നല്ല വൃത്തിയുള്ള റസ്റ്റോറന്റുകൾ,സൂപ്പർ മാർക്കറ്റുകൾ,കഫ്തീരിയ,ബജറ്റ്‌ ഹോട്ടൽ തുടങ്ങിയ മലയാളികൾ വൻ വിജയം കൈവരിച്ച മേഖലകൾ ശ്രമിക്കാവുന്നതാണ്. അത്‌ പോലെ പല ആധുനിക ബിസിനസ്‌ സംരഭങ്ങൾക്കും വലിയ സ്കോപ്പുണ്ട്‌.
ഇനിയും 130 കോടി ജനങ്ങൾക്ക്‌ താമസിക്കാനുള്ള ഭൂമിയും കൃഷിചെയ്യാനുള്ള ഭൂമിയും സൗദി അറേബ്യയിലെ "റൂബൽ ഖാലി" (forth empty quarter )പോലെ ഇന്ത്യയിൽ ഒഴിഞ്ഞ്‌ കിടക്കുന്നുണ്ട്‌.ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളൊക്കെ ക്രിയാത്മകമായി മേലനങ്ങി ഒന്ന് ഇറങ്ങിയാൽ ചൈന ചരിത്രമാകും!!ഇന്ത്യയുടെ സാധ്യതകൾ അനന്തമാണ് അതിനു അതിർവരമ്പുകളില്ല!!
ഒട്ടുമിക്ക ജി സി സി രാജ്യങ്ങളും,ക്യാനഡ,മൗറീഷ്യസ്‌ പോലുള്ള രാജ്യങ്ങൾക്ക്‌ ഫെഡറൽ സിസ്റ്റത്തിൽ എത്താൻ സഹായിച്ച മലയാളി സമൂഹത്തിനു നോർത്ത്‌ ഇന്ത്യ നിമിശ നേരം കൊണ്ട്‌ മാറ്റി മറിക്കാൻ സാധിക്കും.അതിനു ആദ്യം മലയാളികൾ "നോർത്ത്‌ പേടി" ഒഴിവാക്കി നന്നായി പഠനം നടത്തി ഗൾഫ്‌ രാജ്യങ്ങളിൽ ചെയ്യുന്ന ഇൻവെസ്റ്റ്മെന്റിന്റെ പകുതി ഇറക്കി ഒരു ശ്രമം നടത്തിയാൽ കേരളം ഗൾഫിനെ ഡിപ്പന്റ്‌ ചെയ്യുന്ന രീതി ക്രമേണ മാറും.

തെലങ്കാന/ആന്ദ്രപ്രദേശ്‌:

ഇന്ത്യയിൽ ഒരു മിനി കൊറിയ വളരുകയാണ് അങ്ങ്‌ ആന്ദ്രപ്രദേശിൽ!! കിയ മോട്ടോർസ്സിന്റെ കിലോ മീറ്റർ നീണ്ട്‌ കിടക്കുന്ന ഫാക്ടറി പൂർണ്ണ രീതിയി ഓപ്പൺ ആവുന്നതോടെ ആ നാടും നഗരവും ലോക ഭൂപടത്തിലെത്തും!! വ്യവസായങ്ങളുടെ വിള നിലമാവും ഈ രണ്ട്‌ സംസ്ഥാനങ്ങളും. ഒന്നാം ലോക രാജ്യങ്ങളോട്‌ കിടപിടിക്കുന്ന പല വമ്പൻ പദ്ധതികളും ഇരു സംസ്ഥാനവും മത്സരിച്ച്‌ ചെയ്യുന്നു.തെലങ്കാനയിൽ നിന്നു ആന്ദ്രയിൽ നിന്നും ഇന്ത്യക്ക് പഠിക്കാൻ ഒരു പാടുണ്ട്‌.

പഞ്ചായത്ത്‌ രാജ്‌:

ഇന്ത്യ എന്ന മഹാ രാജ്യം ഒരൊറ്റ നൂലിൽ കോർത്ത മുത്ത്‌ മാല പോലെ ഒരു സർക്കാരിനു കീഴിൽ പരിപാലിക്കുക എന്നത്‌ ദുശ്കരമാണ്.അതിനി ആരു വിചാരിച്ചാലും സാധ്യമല്ല.അതിനെ മറികടക്കുന്ന അങ്ങനെ ചെറിയ രീതിയി എങ്കിലും കോർത്തിണക്കി കൊണ്ട്‌ പോകുന്ന ഫെഡറൽ രീതികൾ നമുക്കുണ്ട്‌. അസംബ്ലി,പഞ്ചായത്ത്‌ രാജ്‌ തുടങ്ങിയവ.
കേരളം പോലെ അല്ലെങ്കിൽ സൗത്ത്‌ ഇന്ത്യ പോലെ പഞ്ചായത്‌ രാജ്‌ അതിന്റെ മികവുറ്റ രീതിയിൽ കൊണ്ട്‌ നടക്കാത്തതിന്റെ ബലിയാടുകളാണ് നോർത്ത്‌ ഇന്ത്യൻ സംസ്ഥാനങ്ങൾ. പഴയ ജന്മിമാരും അവരുടെ അനന്തരാവകാശികളും ,ജാതിയിൽ ഉയർന്നവരും കുറേ കാലം അടക്കി ഭരിച്ച പഞ്ചായത്ത്‌‌ രാജ്‌ സിസ്റ്റം റിസർവ്വേഷൻ രീതിയിൽ മാറിയത്‌ വലിയ രീതിയിൽ പ്രതീക്ഷ നൽകുന്നുണ്ട്‌. എന്നിരുന്നാലും ജാതീയതയുടെ ഉച്ഛസ്ഥായിൽ ചിന്തിക്കുന്നവരാണ് വലിയ വിഭാഗം ജനങ്ങളും!! പരസ്യമായി ഉയർന്ന ജാതിക്കാരന്റെ കാലു പിടിച്ച്‌ കീഴ്ജാതിക്കാരൻ വണങ്ങുന്ന സിസ്റ്റം നേരിട്ട്‌ കണ്ടു!! അത്തരം സിസ്റ്റം പേറാൻ മടിയില്ലാത്ത മനുഷ്യർ അല്ലെങ്കിൽ അത്തരം സിസ്റ്റം പിന്തുടരാൻ വിധിക്കപ്പെട്ടവർ.
യു പി പോലെ ഏറ്റവും കൂടുതൽ ജന സംഖ്യയുള്ള സംസ്ഥാനത്തിന്റെ മെയിൻ സിറ്റിയിൽ തെരുവ്‌ വിളക്ക്‌ എന്ന സാധനമില്ല,ട്രാഫിക്‌ റൂൾ എന്തെന്ന് അറിയില്ല,മികച്ച ഒരു കെട്ടിടമോ മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല എന്ന് നിങ്ങൾക്ക്‌ വിശ്വസിക്കാൻ പ്രയാസമായിരിക്കും പക്ഷെ അതാണ് റിയാലിറ്റി!! അതിനു മാറ്റം വരുത്തേണ്ടത്‌ അല്ലെങ്കിൽ സ്വയം മാറേണ്ടത്‌ ആരാണ്? മധ്യപ്രദേശിലെ ഹൈവേയിൽ സർക്കാർ ടോയ്‌ലറ്റ്‌ നിർമ്മിച്ച്‌ നൽകിയിട്ടുണ്ട്‌. അവരുടെ വീടുകളിൽ നൽകിയിട്ടുണ്ട്‌ പക്ഷെ അവരാരും അത്‌ ഉപയോഗിക്കാറില്ല!! ഒരു പ്ലാസ്റ്റിക്‌ ബോട്ടലിൽ വെള്ളവുമായി കുട്ടികളും സ്ത്രീകളും അടങ്ങുന്നവർ റോഡ്‌ സൈഡിൽ പബ്ലിക്കായി തൂറുന്നവരെ നേരിട്ട്‌ കണ്ടിട്ടുണ്ട്‌!!
ഇതൊക്കെ എങ്ങനെ മാറ്റി എടുക്കാം?

ഭക്ഷണം:

കേരളം വിട്ടാൽ റോഡ്‌ സൈഡിൽ ദാബകൾ കാണാം. വളരെ നല്ലതും വളരെ വൃത്തിഹീനവും ആയത്‌ ഉണ്ട്‌.പച്ചക്കറികൾ മാത്രമാണ് അവിടെ ലഭിക്കുക.വണ്ടിയിൽ വേണ്ടത്ര വെള്ളവും കടലയും മറ്റും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഉപ്പ്‌ വിതറിയ പീ നട്സ്‌ അതാണ് യാത്രക്ക്‌ നല്ലത്‌ ഉറക്ക്‌ വരില്ല പിന്നെ ഹെൽതിയും. സോഫ്റ്റ്‌ ഡ്രിംഗ്സ്‌ എന്ന സാധനം ഞങ്ങൾ യാത്രയിൽ തൊട്ടില്ല. തെരുവിൽ ഓറഞ്ച്‌ നെക്ടർ കിട്ടുന്ന നിരവധി സ്റ്റാൾ കാണാം അവിട്ന്ന് മാക്സിമം ഫ്രൂട്ട്സ്‌ ജൂസ്‌ കുടിക്കും.പഞ്ചാബിൽ ഒരു ഗ്ലാസ്‌ ഐസോ വെള്ളമോ ചേർക്കാത്ത ഫ്രഷ്‌ ഓറഞ്ച്‌ ജ്യൂസിനു 20 രൂപയാണ് വില ഹിമാചലിൽ അത്‌ 60 രൂപയാകും. ഭക്ഷണം ക്രമീകരിച്ച്‌ വെജിറ്റബിൾ മാത്രം കഴിച്ചത്‌ കൊണ്ട്‌ വയറിനു ഒരു അസുഖവും വന്നില്ല.എല്ലാ മെഡിസിനും ഫസ്റ്റ്‌ എയിഡും സിസ്റ്റർ തന്ന് വിട്ടിരുന്നു പക്ഷെ ഒന്നും കഴിക്കേണ്ടി വന്നില്ല.

ട്രാഫിക്‌/റോഡ്‌:( ഹെൽമറ്റോ അതെന്താ..?? )

കേരളം വിട്ട്‌ കഴിഞ്ഞാൽ റോഡ്‌ എന്താണെന്നും എങ്ങനെയണെന്നും കാണാം. 140 -160 യാതൊരു പ്രശ്നവുമില്ലാതെ യാത്ര ചെയ്യാൻ പറ്റുന്ന റോഡ്‌(ഒഫീഷ്യൽ സ്പീഡ്‌ ലിമിറ്റ്‌ മാക്സിമം80 ആണ്) 4 വരിയും,6വരിയുമായി കിലോമീറ്ററോളം നീണ്ട്‌ നിൽക്കുന്ന റോഡുകൾ.100 കിലോമീറ്റർ വരെ ഒരു വളവ്‌ പോലുമില്ലാത്ത എക്സ്പ്രസ്‌ റോഡുകൾ വരെ നോർത്ത്‌ ഇന്ത്യയിലുണ്ട്‌!!
ഒരു റോഡിൽ വണ്ടികൾകൊണ്ട്‌ കബഡി കളിക്കുന്ന നാം കേരളക്കാർ പഠിക്കാനുണ്ട്‌!!
ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട റോഡുള്ളത്‌ എല്ലാറ്റിലും ഒന്നാമതുള്ള നമ്മുടെ കേരളത്തിൽ മാത്രമാണ്. ഹെൽമെറ്റ്‌ എന്ന സാധനം പല നോർത്ത്‌ ഇന്ത്യൻ സംസ്ഥാനത്തും എന്താണെന്ന് അറിയുക പോലുമില്ല!!
ഒരു ബൈക്കിൽ യാത്ര ചെയ്യുന്ന മിനിമം ആൾക്കാൾ 3 മാക്സിമം 5 !! ഒറ്റൊക്കൊരാൾ ബൈക്ക്‌ യാത്ര ചെയ്യുന്നത്‌ കണ്ടാൽ അൽഭുതം!! ട്രഫിക്‌ സിഗ്നൽ ലൈറ്റുകൾ എല്ലായിടത്തുമുണ്ട്‌ അത്‌ പിന്തുടർന്നാൽ പണി കിട്ടും. ആ നാട്ടിലെ ജനങ്ങൾ എങ്ങനെ വണ്ടി ഓടിക്കുന്നു അതേ രീതിയിൽ നിങ്ങളും ഡ്രൈവ്‌ ചെയ്യുക അല്ലെങ്കിൽ കണ്ട്രോൾ പോകും. ട്രാഫിക്‌ സിഗ്നൽ ആരും പിന്തുടരുന്നില്ല എങ്കിൽ നിങ്ങളും അതേ രീതി തുടരണം എന്ന് ചുരുക്കം!! ഓട്ടോക്കാരോട്‌,തെരുവ്‌ കച്ചവടക്കാരൊട്‌ വഴി ചോദിച്ച്‌ സമയം കളയരുത്‌ അവർ ആ ഇട്ടാവട്ടത്ത്‌ "ഋ" ട്ട്‌ കളിക്കുന്നവരാണ് റോഡുകളെ കുറിച്ച്‌ അവർക്ക്‌ വലിയ ധാരണയുണ്ടാവില്ല. ഗൂഗിൾ മാപ്പിനു പുറമെ നല്ല ഓഫ്‌ ലൈൻ മാപ്പും ഡൗൺ ലോഡ്‌ ചെയ്യുക. ഗൂഗിൾ മാപ്പിനെ 50% മാത്രം വിശ്വസിക്കുക. മാപ്പ്‌ കയ്യിൽ വെച്ച്‌ യാത്ര തുടങ്ങുന്നതിനു മുമ്പ്‌ ഒന്ന് വിശദമായി പഠിക്കുക.ഒരു ദിവസം കാറിൽ താണ്ടാൻ പറ്റുന്ന ദൂരം 600-800 കിലോമീറ്റർ. പക്ഷെ ഞങ്ങൾ 1100 കിലോ മീറ്റർവരെ താണ്ടിയിട്ടുണ്ട്‌(കേരള ടു മുംബൈ,മധ്യപ്രദേശ്‌ ടു ഹൈദ്രബാദ്‌) 
ഏറ്റവും അപകടം പിടിച്ച റോഡുകൾ ഉള്ളത്‌ ഹിമാചൽ പ്രദേശിലും ഏറ്റവും സുന്ദരമായ റോഡുകളുള്ളത്‌ തെലുങ്കാനയിലേതാണ്.ഒരു വേള ദുബായ്‌ അബുദാബി റോഡാണോ എന്ന് സംശയിച്ച്‌ പോകും ഹൈദ്രാബാദ്‌ ബാംഗ്ലൂർ റോഡ്‌ കണ്ടാൽ.
ട്രക്കുകൾ നിരനിരയായ്‌ പോകുന്ന നിരത്തുകളിൽ കൂടി ഇന്ത്യ റോഡ്‌ മാർഗ്ഗം കാണുക എന്നത്‌ ആത്മഹത്യ പരമാണ് എന്ന് കൂടി ഓർക്കുക. കാതും കണ്ണും കൂർപ്പിച്ച്‌ മാത്രം വണ്ടി എടുത്താൽ പോരാ ഫ്രണ്ട്‌ സൈഡ്‌ സീറ്റിൽ ഇരിക്കുന്നവനും വ്യക്തമായ നിർദ്ദേശങ്ങൾ കൊടുക്കണം. ഡ്രൈവർക്ക്‌ കാണാത്തത്‌ സൈഡ്‌ സീറ്റിൽ ഇരിക്കുന്നവർക്ക്‌ കാണാം. ചുരുക്കി പറഞ്ഞാൽ രണ്ടാളും ഡ്രൈവർ!! 
പാൻ മസലാ തിന്ന് മുറുക്കിതുപ്പുന്നവരായിരിക്കും ചുറ്റിലും അത്‌ കൊണ്ട്‌ ഗ്ലാസ്‌ വിന്റോ അടച്ച്‌ മാത്രം യാത്ര ചെയ്യുക. തെരുവ്‌ കച്ചവടക്കാരും ഭിക്ഷാടകരും കാറിൽ തട്ടി വിളിച്ചാൽ ഒരിക്കലും തുറക്കരുത്‌ എപ്പോഴും സെന്റൽ ലോക്ക്‌ ചെയ്യുക.ഏറ്റവും നല്ല പോലീസും ഹോം ഗാർഡും തെലങ്കാനയിലെ ഹൈദ്രബാദാണുള്ളത്‌ ഏറ്റവും കൂറകളും സർവ്വോപരി മലരന്മരുമായ പോലീസ്‌ നാഗ്പൂരിലെ മറാട്ട പോലീസാണ്!!

കാട്‌/ മൃഗങ്ങൾ:

മനുഷ്യരുടെ കോലം മാറുന്നത്‌ പോലെ തന്നെ തെരുവ്‌ നായ്ക്കൾ,പശുക്കൾ,കുരങ്ങ്‌,പക്ഷികൾ എന്നിവയുടെ രൂപവും ഭാവവും ഓരോ ദേശത്തും മാറും.നാം ഇതുവരെ കാണാത്ത രൂപഭാവങ്ങളിലുള്ള കുരങ്ങുകളെ റോഡ്‌ സൈഡിൽ കാണാം. അവിടെ നിർത്തി അവർക്ക്‌ എന്തെങ്കിലും കൊടുക്കാമെന്ന് കരുതി ഇറങ്ങരുത്‌!!വണ്ടിയുടെ ഗ്ലാസ്‌ താഴ്ത്തി അതിനോട്‌ സർക്കസ്‌ കളിക്കരുത്‌.നിങ്ങളുടെ പിറകിൽ 100 ഓ അതിനു മുകളിലോ ഹൈസ്പീഡിൽ വരുന്ന മറ്റ്‌ വാഹനങ്ങൾ ഉണ്ടാവാം വലിയ അപകട സാധ്യത ഉണ്ട്‌.നിങ്ങൾ ഇറങ്ങുന്ന സ്ഥലത്ത്‌ വന്യ മൃഗങ്ങളുണ്ടാവാം നോക്കത്താ ദൂരത്ത്‌ പോലും സഹായത്തിനു ഒരു മനുഷ്യൻ ഉണ്ടാവില്ല.അഥവാ പുറത്ത്‌ ഇറങ്ങുന്നുവെങ്കിൽ ചുറ്റിലും മനുഷ്യവാസം ഉണ്ടോ എന്ന് ഉറപ്പ്‌ വരുത്തുക. പുലികളും കടുവകളും കരടികളും വ്യഹരിക്കുന്ന കാടുകൾ കിലോ മീറ്ററുകളോളമുണ്ട്‌. അവിടെ ഇറങ്ങരുത്‌ വണ്ടി നിർത്തരുത്‌ എന്ന നിർദ്ദേശം എഴുതി വെച്ചത്‌ പാലിക്കുക.

കാലാവസ്ഥ:
30ഡിഗ്രി ചൂടിൽ നിന്ന് മൈനസ്‌10-15 ലേക്ക് നമ്മുടെ ശരീരം എത്തുന്ന ഒരു യാത്രയാണിത്‌.ആ മാറ്റം ചിലപ്പോൾ ശരീരത്തിനു താങ്ങാൻ സാധിക്കാതെ വരും പിന്നെ പനിയും ശരീര വേദനയും വന്ന് യാത്രയെ തളർത്തും. അസുഖം വന്നാൽ അതിനൊക്കെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാനുള്ള മെഡിസിൻ കയ്യിൽ കരുതിയിരുന്നു.പക്ഷെ ഒന്നും കഴിക്കേണ്ടി വന്നില്ല(thank god )
തണുപ്പ്‌ എന്ന് കേൾക്കുമ്പോൾ തന്നെ കുളിരാകുന്നവരാണ് മലയാളികൾ.കാലാവസ്ഥ 15-20 ഡിഗ്രി എത്തിയാൽ തന്നെ ‌‌ ചൂട്‌ സഹിക്കാം തണുപ്പ്‌ പറ്റില്ല എന്ന് പറയുന്നവരാണ് മലയാളികൾ. 
രാജസ്ഥാൻ,പഞ്ചാബ്‌ മേഖല കാലാവസ്ഥ 5 ഡിഗി വരെ താഴെയാണ് കാശ്മീരിലത്‌ മൈനസ്‌ 10 വരെയാകും.1 മുതൽ 10 വരെ ഡിഗ്രി കാലാവസ്ഥ സഹിക്കാനാണ് പ്രയാസം . മൈനസ്‌ ആയാൽ അത്ര പ്രശ്നം വരുന്നില്ല എന്നാണ് യാത്രയിൽ മനസ്സിലായത്‌.ഐസ്‌ മലകളിലെ മൈനസ്‌ 10 നമുക്ക്‌ സഹിക്കാൻ പറ്റുന്നു പക്ഷെ പട്ടണങ്ങളിലെ 10 ഡിഗ്രി അൺ സഹിക്കബിൾ ആകുന്നു എന്ന് ചുരുക്കം.മൊബയിൽ ഫോൺ ബാക്ടറി മൈനസ്‌ ഡിഗ്രിയിൽ എത്തിയാൽ ബാറ്ററി നിമിഷനേരം കൊണ്ട്‌ തീർന്ന് ഓഫാകും.

കയ്യിൽ കരുതേണ്ടവ/ പാലിക്കേണ്ടവ:

ഇന്ത്യൻ ഐഡി കാർഡ്‌
പോസ്റ്റ്‌ പൈഡ്‌ സിം(എയർ ടെൽ,ഐഡിയ സിം എല്ലാ മുക്കിലും മൂലയിലും കാടുകളിൽ പോലും റേഞ്ച്‌ ലഭ്യമാണ്.
എല്ലാ മെഡിസിനും ഫസ്റ്റ്‌ എയിഡ്‌ കിറ്റ്‌
വണ്ടിയുടെ എല്ലാ പേപ്പറും
പേന
നോട്ട്‌ ബുക്ക്‌
മതിയായ ബിസ്കറ്റ്‌
സാൾട്ടഡ്‌ പീ നട്സ്‌
എരുവുള്ള ചിപ്സ്‌ / പൊട്ടാട്ടോ ചിപ്സ്‌ ഒഴിവാക്കുക
റസ്റ്റോറന്റുകളിൽ നിന്ന് നല്ല കമ്പനിയുടെ വെള്ളം കുടിക്കുക/ ചൂട്‌ വെള്ളം കുടിക്കുക
ഫ്രൂട്ട്സ്‌ ധാരാളം കഴിക്കുക

വാഹനം:

സൈക്കിളിലും വേണമെങ്കിൽ കാശ്മീരിലേക്ക്‌ പോകാം. എല്ലാം നിങ്ങളുടെ മനോധൈര്യത്തേയും പോകുന്ന വണ്ടിയുടെ കണ്ടീഷനേയും ഡിപ്പന്റ്‌ ചെയ്തിരിക്കും. ജനവാസമില്ലാത്തതും,അപകടം പിടിച്ചതുമായ പല റോഡുകളും യാത്രയിലുടനീളമുണ്ട്‌. ബൈക്കുകളിൽ നിരവധി പേർ യാത്ര ചെയ്തത്‌ വായിച്ചിരുന്നു. ട്രക്കുകളും മറ്റും പോകുന്ന റോഡുകൾക്കിടയിൽ ബൈക്ക്‌ കൊണ്ട്‌ പോകുന്നവർ പകൽ സമയങ്ങളിൽ മാത്രം ബൈക്ക്‌ ഓടിച്ച്‌ പോവുക.രാത്രി ബൈക്ക്‌ കൊണ്ട്‌ യാത്ര പോകുന്നത്‌ ചിന്തിക്കുക പോലും ചെയ്യരുത്‌.

യാത്രാ ചിലവ്‌:

എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്‌ ഇത്‌ അറിയാനാവും. ഞാനടക്കമുള്ള മലയാളിയുടെ പൊതു സ്വഭാവം അതാണല്ലോ:)
എത്രയായിനി? എത്ര ചെലവായിനി? 
എത്ര പൊട്ടി ? എന്നൊക്കെയുള്ള അറിവ്‌ കിട്ടിയില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാവുകയില്ലല്ലോ..
ചിലവ്‌ നമ്മുടെ കയ്യിലിരിപ്പ്‌ പോലെയിരിക്കും. ആർഭാഡമായും മിതമായും യാത്ര ചെയ്യാം. ഞങ്ങൾ ചെയ്തത്‌ "ലോ ക്ലാസ്‌" യാത്രയായിരുന്നു. 3-4 ദിവസം ഉറക്ക്‌ വണ്ടിയിലും റോഡ്‌ സൈഡിലുമായിരുന്നു. ചില ദിവസങ്ങളിൽ പുലരുവോളം യാത്ര ചെയ്തിട്ടുണ്ട്‌ അതൊക്കെ മനപ്പൂർവ്വം അനുഭവിച്ചതാണ്. ഭക്ഷണവും അത്‌ പോലെ തന്നെ രാജസ്ഥാൻ താലി മാത്രമാണ് കുറച്ച്‌ ആർഭാഡമായി കഴിച്ചത്‌ 550 രൂപക്കടുത്ത്‌ ബില്ല് വന്നു 3 പേർക്കും കൂടി. ബാക്കി എല്ലാ നേരവും 150-250 രൂപക്ക്‌ ഞങ്ങൾ 3 പേരും വയർ നിറച്ചും കഴിച്ചു. യാത്രയിലായത്‌ കൊണ്ട്‌ ഫാസ്റ്റ്‌ ഫുഡ്‌,നോൺ വെജ്‌,എരിവും പുളിയുമുള്ള ഫുഡ്‌ ഇതൊക്കെ 14 ദിവസത്തേക്ക്‌ ഹറാമാക്കിയത്‌ പോലെയായിരുന്നു.

ചിലവ്:

‌ഭക്ഷണം/സ്നാക്സ്‌/വെള്ളം:6393
ഡീസൽ:28400
ടോൾ:6826
താമസം:6600
പോലീസ്‌ ഫൈൻ:1100(നാഗ്പൂർ മറാത്ത പോലീസിനു “നല്ലത്‌”മാത്രം വരുത്തണേ റബ്ബെ)
Car maintenance:1250
മറ്റ്‌ ചിലവ്‌:4500
Total :55069
ഒരാൾക്ക്‌ വന്ന ചിലവ്‌:18369
വണ്ടി: Mahindra Logan, 2010 Model 
ദിവസം:14

അടുത്ത നോർത്ത്‌ ഈസ്റ്റ്‌ യാത്ര 40 വയസ്സിനു മുമ്പ്‌ ചെയ്യാൻ പ്ലാനുണ്ട്‌ ഇൻ ഷാ അല്ലാഹ്‌ 


Related UPdates
newsletter

Subscribe to our email newsletter