5
Saturday
December 2020

5
Saturday
December 2020

Travel UPDATES

ശ്രീനഗറിൽ കുടുങ്ങി പോയ ആ മലയാളി കുടുംബം ഞങ്ങളാണ്..

16th of February 2019

കഴിഞ്ഞ ആഴ്ച കാശ്മീരിലേക്ക് കുടുംബസമേതം യാത്ര പോയ ജോഷിൻ ജോസഫിന് അപ്രതീക്ഷിത മഞ്ഞ് വീഴ്ചയിൽ പെട്ട് പോയ അവസ്ഥയുടെ നേർക്കാഴ്ചകൾ.
യാത്രക്കുറിപ്പുകൾ പങ്ക് വെക്കുന്ന സാമൂഹ്യ മാധ്യമങ്ങളിലെ ഗ്രൂപ്പുകൾക്ക് നന്ദി അറിയിച്ചും
കാശ്മീർ യാത്രക്കിടയിൽ സംഭവിക്കാൻ സാധ്യതയുള്ള കരുതലായിട്ടുമാണ് ജോഷിന്റെ കുറിപ്പ്

ജോഷിൻ ജോസഫ് പോസ്റ്റ് വായിക്കാം.:
 

ഇതൊരു യാത്രവിവരണം അല്ല, യാത്രയ്ക്കൊടുവിൽ അനുഭവിച്ച നേർകാഴ്ചകളുടെ കുറിപ്പാണ്. ഞാൻ ഇവിടെ പങ്ക് വെക്കാതെ പോകുന്നത് എന്നെ ആപത്തിൽ സഹായിച്ച GNPC ചങ്കുകളോടും സഞ്ചാരി സുഹ്യത്തുക്കളോടുമുള്ള നന്ദി കേടായി പോകും എന്ന് കരുതുന്നു

ഞാൻ കാശ്മീർ യാത്ര പോയത് ഫെബ്രുവരി മൂന്നാം തീയതി. ആസ്വദിച്ചു തിരിച്ച് പോരുന്ന ഏഴാം തിയതി മുതലുള്ള കാര്യങ്ങളാണ് ഞാൻ പറയാൻ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ കാശ്മീറിനെ കുറിച്ച് ആരും തന്നെ തെറ്റായി മനസ്സിലാക്കരുത്..

ടൂറിസ്റ്റിനു മതിയാവോളം ആസ്വദിക്കാൻ പറ്റിയ സ്ഥലം തന്നെ , ജഹാംഗീർ ചക്രവർത്തി പറഞ്ഞ പോലെ ഭൂമിയിലെ സ്വർഗം തന്നെയാണ് ഇവിടം..എനിക്ക് സംഭവിച്ച കാര്യങ്ങൾ കാശ്മീർ പോകുമ്പോൾ വരാൻ സാധ്യതയുള്ള കാര്യങ്ങളായിട്ട് ഒന്ന് കരുതിയിരുന്നാൽ മതി..

‌ഏഴാം തീയതി രാവിലത്തെ വിമാനത്തിൽ
തിരിച്ചു പോരേണ്ടതായിരുന്ന ഞങ്ങൾ തലേദിവസത്തെ അതി ശക്തമായ മഞ്ഞുവീഴ്ച മൂലം അകപ്പെട്ടു പോകുവായിരുന്നു. ഈ സീസണിലെ തന്നെ ഏറ്റവും കാഠിന്യമേറിയ മഞ്ഞുവീഴ്ചയായിരുന്നു അത് , ഹോട്ടലിന് പുറത്തേക്ക് പോലും ഇറങ്ങാൻ കഴിയാത്ത അവസ്ഥ. കറന്റ് കഷ്ടിച്ച് ഒരു ദിവസം നാലു മണിക്കൂർ കിട്ടിയാലായി , ബാക്കി മൊത്തം പവർ കട്ടാണ്! മൊബൈൽ കണക്ഷൻ
തകരാർ മൂലം ഇന്റർനെറ്റ് സർവീസ്‌ ഒട്ടും തന്നെ കിട്ടുന്നില്ലായിരുന്നു. കോളുകൾ കണക്ട് ചെയ്യുവാനും വളരെയധികം ബുദ്ധിമുട്ടി.

ശ്രീനഗറിൽ നിന്നും പുറത്ത് കടക്കുവാനുള്ള ജമ്മു -ശ്രീനഗർ റോഡ് ആറടിയോളം മഞ്ഞുവീഴ്ചയും മലയിടിച്ചിലും മൂലം അടച്ചിട്ടിരിക്കുകയാണ്. ട്രെയിൻ ഗതാഗതവും ഇതുവരെ പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല , വിമാനവും ഇല്ല. ശരിക്കും ഫാമിലിയെ സംബന്ധിച്ച് ഭീകരമായ അന്തരീക്ഷം തന്നെ. ശരിക്കും ഒറ്റപ്പെട്ട അവസ്ഥ..

നാട്ടിലുള്ള ബിജു ചേട്ടൻ വഴിയായി ഒരു ഹോട്ടലിൽ ആയതിനാൽ മാത്രമാണ് വലിയൊരു അപകടത്തിൽ നിന്നും ഒഴിവായത് , അമ്മയേയും കുഞ്ഞിനെയും കൊണ്ട് റോഡിലാണ് അകപ്പെട്ടിരുന്നത് എങ്കിൽ അവസ്ഥ അതി ദയനീയമായി പോകുമായിരുന്നു..

ഏഴാം തീയതി കഷ്ടപ്പെട്ട് എയർപോർട്ടിൽ ചെന്നപ്പോൾ അവിടുത്തെ അവസ്ഥ അതിഭീകരമായിരുന്നു.. എയർപോർട്ടിന്റെ റൂഫിൽ നിന്നും വീഴുന്ന വലിയ മഞ്ഞുകട്ടകൾ..സാധാരണ മഴപോലെ പെയ്യുന്ന മഞ്ഞു തുള്ളികൾ.. താഴെ മൊത്തം ഐസ് കട്ടകൾ..നടക്കുന്നവരിൽ പലരും തെന്നി വീഴുന്ന കാഴ്ചകൾ..

കൂടാതെ ക്യാൻസൽ ചെയ്ത ടിക്കറ്റുകൾ മാറ്റി വാങ്ങാൻ വരുന്ന എന്ന പോലെ അകപ്പെട്ടു പോയവരുടെ തിരക്കും...ഒടുവിൽ നീണ്ട പരിശ്രമത്തിനൊടുവിൽ ടിക്കറ്റ് കിട്ടിയത് പതിനാലാം തീയതിലേക്കും..

അവിടെ പന്ത്രണ്ടാം തീയതി മുതൽ പതിനേഴാം തീയതി വരെ വീണ്ടും കനത്ത മഞ്ഞു വീഴ്ച പറഞ്ഞിട്ടുള്ള കാര്യം അറിഞ്ഞതോടെ ആകെ പരിഭ്രാന്തരായി..

അപ്രതീക്ഷിതമായ മഞ്ഞു വീഴ്ച കാൽക്കുലേഷനും ചെലവുകളും മാറ്റി മറിച്ചു..
വർഷങ്ങളോളം ഓരോ രൂപയും കൂട്ടി കൂട്ടി കാത്തുകാത്തു പോയ കാശ്മീർ സ്വപ്നം ഒരു ദുരന്തമായി അവതരിക്കുന്നത് മുന്നിൽ കാണുകയായിരുന്നു ആ നിമിഷം ഞാൻ..
ഇതിൽ ഞാനൊഴിച്ചുള്ളവരുടെ ആദ്യ വിമാന യാത്രയും!! ഇതിൽപരം അവർക്ക് പേടിക്കാൻ വേറെ എന്താണ് വേണ്ടത്.

അങ്ങനെ ഇരിക്കുന്ന അവസ്ഥയിലാണ് ഞാൻ എന്റെ നാട്ടിലുള്ള അതുൽ എന്ന സുഹ്യത്തിനോട് GNPC യിലും സഞ്ചാരിയിലും പോസ്റ്റ് ഇടാമോ എന്ന് ചോദിച്ചത്...

ആ പോസ്റ്റ് ഇട്ടതിനു ശേഷം വന്ന ഫോൺ കോളുകളായിരുന്നു നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെ തന്നത്.
ഈ ഗ്രൂപ്പിന്റെ തന്നെ സ്നേഹവും കരുതലും എത്രത്തോളം ആഴമുള്ളതാണെന്ന് പിന്നീട് ഞാൻ അടുത്തറിയുകയായിരുന്നു.
ദുബായിൽ നിന്നും വിളിച്ച മനോജ് ചേട്ടൻ...ഒരിക്കൽ പോലും കാണാത്ത അദ്ദേഹം പലതവണ വിളിച്ചു..പണമുൾപ്പടെ സഹായം തരാൻ സന്നദ്ധനായി..

സൗദി അറേബ്യയിൽ നിന്നും വിളിച്ച സുഹ്യത്ത്..കാശ്മീറിലെ റോഡിന്റെ അവസ്ഥ അറിയിച്ചു വിളിച്ചു കൊണ്ടിരുന്ന മലയാളി പട്ടാളക്കാർ..
തലശ്ശേരിയിൽ നിന്നും വിളിച്ച പ്രവീൺ..നാട്ടിൽ എത്തിക്കാൻ വേണ്ട എല്ലാ പരിശ്രമവും നടത്തി..ഇടയ്ക്കിടെ നാട്ടിൽ നിന്നും വിളിച്ചു വിവരങ്ങൾ അന്വേഷിച്ചു ഇൻഫർമേഷൻ തന്ന മുർഷിദ്..പറയാൻ പേര് വിട്ടുപോയ മറ്റു മലയാളി സുഹ്യത്തുക്കൾ..

എത്രയും പെട്ടെന്ന് തന്നെ റോഡ് മാർഗം ചണ്ഢിഗഢിൽ എത്തിക്കാൻ സഹായം ഒരുക്കാമെന്ന് പറഞ്ഞ ഹിമാചലിലുള്ള നന്തൻ ചേട്ടൻ.. പക്ഷേ പിറ്റേ ദിവസവും തുടർന്ന മോശം കാലാവസ്ഥാ ആ റോഡ് മാർഗമുള്ള ചിന്തകളുടെ വഴി മുടക്കിയായി..കഴിഞ്ഞ ദിവസങ്ങളിൽ റോഡ് മാർഗം പുറത്ത് കടക്കാൻ നോക്കിയ പലരും ഇപ്പോഴും റോഡിൽ കുടുങ്ങിയിരിക്കുകയാണെന്നും ചിലരെ കാണാതായെന്നുമുള്ള വാർത്തകൾ വന്നു കൊണ്ടിരുന്നു..

ഇനിയും പതിനാലാം തീയതി വരെ കാത്തിരിക്കാനുള്ള സാവകാശം അവിടെ ഇല്ലായിരുന്നു.. വീണ്ടും നിശ്ചലമായ അവസ്ഥ..
പണം പോലും നോക്കുകുത്തിയായി മാറിയ ഒരു അവസ്ഥ!!അല്ലേലും വിതക്കുന്നവനു തന്നെ കൊയ്യാനുമറിയാമായിരിക്കുമല്ലോ..

അങ്ങനെ ഇരിക്കെ നാട്ടിൽ നിന്നും ബിജു ചേട്ടൻ ശ്രീനഗറിലുള്ള മലയാളിയായ രാധാകൃഷ്ണൻ ചേട്ടന്റെ നമ്പർ തന്നത്..
ഞങ്ങളുടെ ജീവിതത്തിന്റെ ഭൂപടത്തിൽ ഒരു പങ്ക് പോലും സാധ്യതയില്ലായിരുന്ന അദ്ദേഹം ചുമ്മാ വന്നങ്ങ്..വെളിച്ചം വിതറുകയായിരുന്നു..
ആദ്യമായി കണ്ട നിമിഷം മുതൽ അവസാനം ഞങ്ങളെ യാത്രയാക്കുന്ന വരെ ഒരു സഹോദരനെ പോലെ കൂടെ നിന്നു..
ഞങ്ങളുടെ മുഖം കണ്ടപ്പോൾ തന്നെ കാര്യം മനസ്സിലാക്കിയ അദ്ദേഹം ആദ്യമേ തന്നെ ഭക്ഷണം വാങ്ങി തന്നു..പിന്നീട് എങ്ങനെ എങ്കിലും ഡൽഹി വരെയുള്ള ടിക്കറ്റ് എങ്കിലും ഒപ്പിക്കാനായി അലഞ്ഞു..ശ്രീനഗറിൽ നിന്നും ഡൽഹിയിലേക്ക് 3000 രൂപ വിലവരുന്ന ഒരു ടിക്കറ്റിനു മിനുറ്റുകളുടെ വ്യത്യാസത്തിൽ 35000 രൂപയും 42000 രൂപയുമായി ഉയർന്നു പോകുന്നത് നോക്കി കാണേണ്ടി വരുന്ന അവസ്ഥയായിരുന്നു പിന്നീട്..
അദ്ദേഹത്തിന്റെ ഓരോ വാക്കുകളും പിന്നീട് ആശ്വസത്തിന്റേതും..പ്രവർത്തികൾ പരിശ്രമത്തിന്റേതും ആയിരുന്നു..
പിന്നീട് എയർപോർട്ടിനു സമീപം റൂമിനു വേണ്ടി പല സ്ഥലത്ത് പോയിട്ടും കിട്ടാൻ കഴിയാത്ത സാഹചര്യം..ഒടുവിൽ രാധാകൃഷ്ണൻ ചേട്ടൻ തന്നെ..ഒരു റൂം ഞങ്ങൾക്ക് ഏർപ്പാടാക്കി തന്നു..പിന്നീട് ഭക്ഷണവും..അതിനു ശേഷം അദ്ദേഹത്തിന്റെ സുഹ്യത്തിന്റെ ഹീറ്ററും..പുതപ്പുമായി വന്നു..

ആ സമയം അമ്മയ്ക്ക് ചെറിയ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത് പിന്നേയും ടെൻഷൻ കൂട്ടി..അദ്ദേഹം ഞങ്ങളെ അടുത്തുള്ള ഒരു ഡിസ്പൻസറിയിൽ കൊണ്ട് പോയി മരുന്ന് വാങ്ങി തന്നു..
അപ്പോഴേക്കും തണുപ്പിന്റെ കാഠിന്യം അതിയായി വർധിച്ചു.. അന്ന് പോകാൻ നേരം കുറച്ചധികം പൈസയും എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു.. ഇവിടുത്തെ ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തു തരാം..ഇത് ഇനി ഡൽഹിയിൽ ചെന്നിട്ട്..നിങ്ങൾക്ക് വേണ്ടി വരും..എന്ന് പറഞ്ഞു ഒരു പുഞ്ചിരിയുമായി..പോയി..
അപ്പോഴും ടിക്കറ്റ് ശരിയായിട്ടില്ലായിരുന്നു..
ഒടുവിൽ അമ്മയേയും ഭാര്യയേയും കുഞ്ഞിനേയും എങ്ങനെ എങ്കിലും പതിനാലാം തീയതിക്കു മുമ്പ് ശ്രീനഗറിൽ നിന്നും പുറത്ത് എത്തിക്കാനുള്ള വഴി നോക്കാൻ തുടങ്ങി..

അവസാനം ചേട്ടന്റെ നിരന്തരമായ പരിശ്രമത്തിനൊടുവിൽ ആ ടിക്കറ്റ്‌ തന്നെ പത്താം തീയതിലേക്ക് വാങ്ങി തന്നു..ഒരു രൂപ പോലും കൂടുതൽ കൊടുക്കാതെ തന്നെ.. പക്ഷേ ഒപ്പം വന്ന ഭാര്യയുടെ സഹോദരന് ഞങ്ങളുടെ കൂടെ ടിക്കറ്റ് കിട്ടിയില്ല..
ഇൻഡിഗോ അവിടെ ബിസിനസ് മാത്രമേ കണ്ടുള്ളു..അല്ലേലും എല്ലാവരും എങ്ങനാ..നല്ലത് മാത്രം ചെയ്യുക? അല്ലേ..?
അദ്ദേഹം പിന്നെയും പരിശ്രമിച്ചു..അങ്ങനെ രണ്ടു ദിവസം മാത്രം മുമ്പിലേക്ക് നീട്ടി കിട്ടി..അങ്ങനെ നാളെ പന്ത്രണ്ടാം തീയതി നാട്ടിലേക്ക് പോരുവാൻ അവസരം കിട്ടി , ആ പഴയ ടിക്കറ്റിലൂടെ തന്നെ.. അതുവരെ അവനെ അദ്ദേഹത്തിന്റെ കൂടെ താമസിക്കാനും..ഭക്ഷണത്തിനുംഎല്ലാത്തിനും നോക്കി കൊള്ളാമെന്നും പറഞ്ഞു ഞങ്ങളെ യാത്രയാക്കി..

അവസാനം എനിക്ക് അദ്ദേഹം തന്ന പൈസ ഞാൻ തിരികെ കൊടുത്തിട്ടു പറഞ്ഞു.. കാരണം എനിക്ക് ഇനി അത്രയും പണത്തിന്റെ ആവശ്യമില്ലല്ലോ..പണം കൊണ്ട് ചെയ്യാൻ കഴിയുന്നതിനപ്പുറം നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ചെയ്തു കഴിഞ്ഞു...ഇതിനൊന്നും നന്ദി എന്ന വാക്ക് മതിയാകില്ല ..അപ്പോഴും രാധാകൃഷ്ണൻ ചേട്ടന് ഒരു പുഞ്ചിരി മാത്രം..എന്നിട്ട് പറയുവാ..ഇതൊന്നും എന്റെ കഴിവല്ല..നിങ്ങളെ സഹായിക്കാൻ എന്നെ നിയോഗിച്ച ആ ദൈവത്തോട് പറഞ്ഞാൽ മതി എന്ന്..എന്തൊരു സിംപിൾ ആയ മനുഷ്യൻ!!!!

അല്ലേലും ബിംബങ്ങളായ ദൈവങ്ങളേക്കാൾ സ്നേഹം..
പ്രതിബിംബങ്ങളായ ഇതുപോലുള്ള ദൈവങ്ങൾക്കാണെന്ന്..ജീവിതാനുഭവങ്ങൾ നമ്മളെ പഠിപ്പിക്കും..

എങ്കിലും യാത്രയോടുള്ള പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല..ദൈവം നമ്മളെ ഈ ഭൂമിയിലേക്ക് പറഞ്ഞു വിട്ടതു തന്നെ ഇവിടം പറ്റാവുന്നത്ര കാണാനല്ലേ...

ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്..!!

ഒത്തിരി സ്നേഹത്തോടെ , നന്ദിയോടെ..
ജോഷിൻ

 


Related UPdates
newsletter

Subscribe to our email newsletter