26
Thursday
November 2020

26
Thursday
November 2020

Stories UPDATES

272 മാന്ത്രിക സംഖ്യ ആര് മറികടക്കും.? ചെറുപാർട്ടികൾ ഇന്ത്യ ഭരിക്കുമോ.? കണക്കുകൾ ഇങ്ങനെ

19th of May 2019

272 എന്ന മാന്ത്രികസംഖ്യ ആരു തികയ്ക്കും

പണവും മിടുക്കും മസില്‍പവറും ഇത്തവണ അധികാരത്തിലേക്ക് നയിക്കും
ബി ..ജെ.പിയും കോണ്‍ഗ്രസും വിട്ടുവീഴ്ച്ചയ്ക്കു തയ്യാര്‍

ഭരിക്കാനായി മോഡിയെ മാറ്റാനും ആര്‍.എസ്.എസ് 
മോഡിയെ മാറ്റിയാല്‍ ചില പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുമെന്നു കണക്കുകൂട്ടല്‍
ചെറിയ പാര്‍ട്ടികളെ വിലയ്‌ക്കെടുക്കാന്‍ ബി.ജെ.പി

കോണ്‍ഗ്രസിന് പ്രതീക്ഷ യു.പി.എയ്ക്ക് പുറത്തുള്ള പാര്‍ട്ടികളില്‍ 

 

മാസങ്ങള്‍ നീണ്ടുനിന്ന തെരഞ്ഞെടുപ്പു പോരാട്ടത്തിന് അവസാനമായി. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. ഭരണം തുടരുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. കോണ്‍ഗ്രസാകട്ടെ ബി.ജെ.പിയെ താഴെയിറക്കുമെന്ന വാശിയിലുമാണ്.
എന്തായാലും കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. 130 സീറ്റെങ്കിലും നേടാനായാല്‍ മാത്രമേ കോണ്‍ഗ്രസ് ഭരണത്തിന് നേതൃത്വം വഹിക്കുകയുള്ളൂവെന്ന്. അല്ലെങ്കില്‍ യു.പി.എയ്ക്കു പുറത്തുള്ള കക്ഷികളുടെ സര്‍ക്കാരിനെ പിന്തുണയ്ക്കും. ബി.ജെ.പിയാകട്ടെ 300 സീറ്റുകളുമായി അധികാരം തുടരുമെന്ന വാശിയിലുമാണ്. തങ്ങള്‍ക്ക് അധികാരം നിലനിര്‍ത്താനാകുമെന്ന ശുഭാപ്തി വിശ്വാസം മോഡിയും അമിത് ഷായും പ്രകടിപ്പിക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍
തങ്ങള്‍ക്ക് 130 സീറ്റുകളില്‍ അധികം ലഭിക്കില്ലെന്ന് എന്തായാലും കോണ്‍ഗ്രസ് സമ്മതിച്ചുകഴിഞ്ഞു. 130 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചെന്നിരിക്കട്ടെ, ഭരണത്തില്‍ എത്താന്‍ വേണ്ട ബാക്കി 143 സീറ്റുകള്‍ എവിടെ നിന്ന് ലഭിക്കും. 50 സീറ്റുകളാണ് നിലവിലെ യു.പി.എ ഘടകക്ഷികളായ ഡി.എം.കെയും രാഷ്ട്രീയജനതാദളും എന്‍.സി.പിയും ജനതാദള്‍ സെക്കുലറും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും മുസ്‌ലിംലീഗും ചെറിയ പാര്‍ട്ടികളും ചേര്‍ന്നാല്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. പിന്നെയും വേണം 93 സീറ്റ്. ഇവിടെയാണ് കോണ്‍ഗ്രസ് മിടുക്ക് കാട്ടേണ്ടത്. കര്‍ണാടകത്തില്‍ ഭരണത്തിലേറിയതു പോലെ മറ്റ് കക്ഷികളെ പിന്തുണച്ചു അധികാരത്തിലെത്തണമെങ്കില്‍ കേന്ദ്രത്തില്‍ നിരവധി കടമ്പകളുണ്ട്. 
മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 30 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. എസ്.പിക്ക് 22 സീറ്റുകളും. മായാവതിക്ക് 18 സീറ്റുകളും പ്രതീക്ഷിക്കുന്നു. ഇടതുപക്ഷത്തിന് 15 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. ഈ 85 സീറ്റുകള്‍ തങ്ങളുടെ പക്ഷത്താകുമെന്നു കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. പിന്നെയും വേണം എട്ടു സീറ്റുകള്‍. ബിജു ജനതാദളും എ.എ.പിയും ടി.ആര്‍.എസും വൈ.എസ്.ആര്‍ കോണ്‍ഗ്രസും ടി.ഡി.പിയുമുണ്ട് പുറത്ത്. ഇവര്‍ക്ക് എല്ലാം കൂടി മുപ്പതോളം സീറ്റുകള്‍ ലഭിച്ചേക്കാം. നിലവില്‍ ബി.ജെ.പി വിരുദ്ധരായ ഈ പാര്‍ട്ടികളെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ 2019 തങ്ങളുടെ കൈപ്പിയിടിലൊതുക്കാന്‍ കോണ്‍ഗ്രസിന് കഴിയും. മോഡിയെന്ന സര്‍വവ്യാപിയെ താഴെയിറക്കുകയുമാകാം. 

ബി.ജെ.പിയുടെ കണക്കുകൂട്ടല്‍

വലിയ ഒറ്റകക്ഷിയില്‍
2014ലെ പോലെ ഒറ്റയ്ക്ക് ഇത്തവണ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ കക്ഷിയായി ബി.ജെ.പി മാറും. 180 മുതല്‍ 240 സീറ്റുകള്‍ വരെ ലഭിക്കാമെന്നാണു ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ രാഷ്ട്രപതി ബി.ജെ.പിയെ ഭൂരിപക്ഷം തെളിയിക്കാന്‍ ക്ഷണിക്കും. എന്‍.ഡി.എ ഘടകക്ഷികളായ ശിവസേന, എ.ഐ.ഡി.എം.കെ, ജനതാദള്‍(യു), ശിരോമണി അകാലിദള്‍, പി.എം.കെ, അസം ഗണപരിഷത്ത് തുടങ്ങിയ പാര്‍ട്ടികള്‍ക്കെല്ലാം കൂടി 34 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. 240 സീറ്റുകള്‍ ലഭിച്ചാല്‍ എന്‍.ഡി.എയ്ക്ക് പുറത്തുള്ള പാര്‍ട്ടികളെയൊന്നും കൂട്ടാതെ ബി.ജെ.പിക്ക് ഭരിക്കാം. ഇനി 180 സീറ്റുകള്‍ മാത്രമേ ലഭിക്കുന്നുള്ളൂവെങ്കില്‍ ഘടകക്ഷികളേയും കൂട്ടി 214 സീറ്റുകളേ ലഭിക്കൂ.
ഇവിടെയാണ് മോഡിയെ മാറ്റിയുള്ള പരീക്ഷണത്തിന് ആര്‍.എസ്.എസ് തയ്യാറെടുക്കുന്നത്. മോഡിയെ മാറ്റിയാല്‍ നേരത്തെ ബി.ജെ.പിയുടെ ഘടകകക്ഷികളായിരുന്ന മായാവതിയേയും ബിജുജനതാദളിനേയും ചന്ദ്രബാബുനായിഡുവിനേയും ടി.ആര്‍.എസിനേയും കൂടെ കൂട്ടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ മന്ത്രിസ്ഥാനം, വകുപ്പുകള്‍ എന്നിവ നല്‍കി ഈ കക്ഷികളെ കൂടെ കൂട്ടിയാല്‍ ഭരിക്കാമെന്നാണ് ബി.ജെ.പി പ്രതീക്ഷ. ഒപ്പം ഓരോ സംസ്ഥാനത്തുനിന്നും ജയിച്ചുവരുന്ന ഒറ്റ അംഗങ്ങളുള്ള പാര്‍ട്ടികളെയും തങ്ങളുടെ അധീനതയിലാക്കാന്‍ ഇപ്പോള്‍ തന്നെ നേതാക്കളെ ചുമതലപ്പെടുത്തിക്കഴിഞ്ഞെന്നും അറിയുന്നു. എന്തായാലും ചാക്കിട്ടുപിടിത്തത്തില്‍ ആരു വിജയിക്കുമെന്ന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ അറിയാനാകും.

കണ്ണുകള്‍ ഇവരിലേക്ക്
യു.പി.എയിലോ എന്‍.ഡി.എയിലോ ഘടകകക്ഷികളല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളിലാണു രാജ്യത്തിന്റെ ശ്രദ്ധ നീങ്ങുന്നത്. ബി.ജെ.പിയെ എതിരാളിയായി പ്രഖ്യാപിച്ച മമതയും മായാവതിയും ബിജുജനതാദളും അഖിലേഷ് യാദവിന്റെ എസ്.പിയും ഇടതുപക്ഷവും വൈ.എസ്.ആര്‍ കോണ്‍ഗ്രസും, ടി.ആര്‍.എസും എ.എ.പിയും കൂടിയാല്‍ നൂറു സീറ്റുകള്‍ ലഭിക്കും. ഈ പാര്‍ട്ടികളെ സ്വന്തം വരുതിയിലാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടികളെ പിളര്‍ത്താനും അവര്‍ തയ്യാറാകും. പണം മാത്രമല്ല ബി.ജെ.പിയുടെ ആയുധം. ബിസിനിസുകാരായ രാഷ്ട്രീയക്കാരെ തങ്ങള്‍ക്കൊപ്പമാക്കാന്‍ ആദായനികുതി വകുപ്പും സി.ബി.ഐയുമൊക്കെ ഭരണനിയന്ത്രണ യന്ത്രങ്ങളായി മാറും. യു.പി.എ ഘടകക്ഷികള്‍ ചാടിപ്പോകാതെയും നോക്കേണ്ടതു കോണ്‍ഗ്രസിന് ഭാരിച്ച ഉത്തരവാദിത്തമാകും. ഡി.എം.കെയും രാഷ്ട്രീയജനതാദളും എന്‍.സി.പിയും ജനതാദള്‍ സെക്കുലറും രാഷ്ട്രീയ ലോക് സമത പാര്‍ട്ടിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും മുസ്‌ലിംലീഗും അടങ്ങുന്ന യു.പി.എയില്‍ വിള്ളല്‍ വീഴ്ത്താന്‍ ബി.ജെ.പിക്കാകും. 

മായാവതി ചാഞ്ചാടുമോ?
20 സീറ്റുകള്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന മായാവതിയില്‍ ഇരു പാര്‍ട്ടികളും പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. എന്നാല്‍ അടുത്തിടെ ബി.ജെ.പിക്കെതിരേ മായാവതി നടത്തിയ പ്രസ്താവനകളും ഉത്തര്‍പ്രദേശില്‍ തങ്ങളെ ഇല്ലാതാക്കിയ ബി.ജെ.പിയോട് പകരം ചോദിക്കാനുള്ള അവസരമായി ഈ ഉയര്‍ത്തെഴുന്നേല്‍പ്പിനെ മായാവതി കണ്ടാല്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറും. ഓരോ പാര്‍ട്ടിയേയും നേതാക്കളേയും ചാക്കിടാന്‍ ഓരോ നേതാക്കളെ ചുമതലപ്പെടുത്തേണ്ടിവരും. ഉള്ളവര്‍ പുറത്തുപോകാതെ നോക്കാനും. എന്നാല്‍ ഈ ചെറുപാര്‍ട്ടികളുമായി ഭരണം മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസിന് ഏറെ പണിപ്പെടേണ്ടിവരും. ജയിച്ചവരെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് ഓരോ ശിവകുമാറിനെയെങ്കിലും രംഗത്തിറക്കേണ്ടിവരുമെന്നതാണ് സത്യം. ചെറിയ പാര്‍ട്ടികളെ ബി.ജെ.പി വിഴുങ്ങാന്‍ നില്‍ക്കുന്ന അവസ്ഥ പ്രാദേശിക പാര്‍ട്ടികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഈ പാര്‍ട്ടികള്‍ ബി.ജെ.പിക്കെതിരായി ചിന്തിച്ചോളും. 

പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ തന്ത്രങ്ങള്‍
കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ കഴിഞ്ഞാലും അധികാരം നിലനിര്‍ത്തണമെങ്കില്‍ ഈ തന്ത്രങ്ങളൊന്നും പോരാ. കോണ്‍ഗ്രസ് പിന്തുണച്ച സര്‍ക്കാരുകളെല്ലാം അധികം വൈകാതെ നിലംപൊത്തിയിട്ടുണ്ടെന്ന ചരിത്രം വിസ്മരിക്കരുത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരാകും ഉത്തമം.
കോണ്‍ഗ്രസിന്റെ നയങ്ങളും മാറ്റേണ്ടിവരും. പ്രാദേശിക പാര്‍ട്ടികളെ എക്കാലവും കൂടെ നിര്‍ത്താനാകണം. അതിന് തടസ്സമുള്ള പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ ആദ്യം നേതൃത്വത്തില്‍ നിന്നു മാറ്റേണ്ടിവരും. ഉദാഹരണത്തിന് എ.എ.പിയെ എതിര്‍ക്കുന്ന ഷീലാദീക്ഷിതിനെ ഡല്‍ഹിയില്‍ നേതൃത്വത്തില്‍ നിന്നു മാറ്റണം. ഇങ്ങനെ എല്ലാ സംസ്ഥാനങ്ങളിലും പഴയ വീര പരിവേഷങ്ങളില്‍ കഴിയുന്ന നേതാക്കളെ മാറ്റി തങ്ങളുടെ അവസ്ഥ മനസ്സിലാക്കുന്ന നേതാക്കളെ കൊണ്ടുവന്നില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ വീണ്ടും മോശമാകും. ഇത്തവണ അധികാരം ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസില്‍ നിന്നു എം.പിമാര്‍ വീണ്ടും ബി.ജെ.പിയിലേക്ക് ഒഴുകും. അങ്ങനെയായാല്‍ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കോണ്‍ഗ്രസിന്റെ മടക്കം അസാധ്യമാകും.

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക
രാഹുല്‍ഗാന്ധിയെ അംഗീകരിക്കുന്നവരാണ് ഇപ്പോഴത്തെ ഘടകകക്ഷികളും പുറത്തെ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളും. ഇതാണ് കോണ്‍ഗ്രസിന് അനുകൂലമായ പ്രധാന ഘടകം. നേരത്തെ സോണിയാഗാന്ധിക്കെതിരേ വിദേശ പൗരത്വം വിഷയമായിരുന്നു. അന്ന് മന്‍മോഹന്‍സിങിനെ കൊണ്ടുവന്നെങ്കില്‍ ഇപ്പോള്‍ രാഹുല്‍ഗാന്ധിയെ കൊണ്ടുവരണമെന്നു രാജ്യത്ത് പൊതുവികാരമുണ്ട്. അതു മനസിലാക്കി രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കി പ്രഖ്യാപിച്ചുകൊണ്ട് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ചര്‍ച്ച ആരംഭിക്കുക, പൊതുമിനിമം പരിപാടിയില്‍ എല്ലാ പാര്‍ട്ടി നേതാക്കളേയും പങ്കെടുപ്പിച്ചു കൊണ്ട് ആരംഭിക്കുക, ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ ആദ്യമേ മനസ്സിലാക്കുക, ശത്രുക്കളായ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ കഴിയുന്നവരെ നേതൃത്വത്തിലേക്ക് ഉയര്‍ത്തുക ഇതൊക്കെയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്.  


Related UPdates
newsletter

Subscribe to our email newsletter