23
Saturday
January 2021

23
Saturday
January 2021

Stories UPDATES

ഫിറോസ്ഖാൻ കഥയെഴുതുകയാണ്......

26th of March 2019

ഫിറോസ്ഖാൻ കഥയെഴുതുകയാണ്.......

-നൗഷാദ് റഹ്മാനി മേൽമുറി

ഏകാന്തതയുടെ ഇറയത്തിരുന്ന് പുതിയ നോവലിന്റെ ഇതിവൃത്തം ചിന്തിച്ചെടുക്കുകയാണ് ഫിറോസ്ഖാൻ പുത്തനങ്ങാടി. മുപ്പതിലധികം ഹൃദ്യമായ നോവലുകൾ പിറന്ന ആ വിരൽ തുമ്പുകളിലൂടെ പുതിയ നോവൽ പിറക്കുന്നതും കാത്തിരിക്കുകയാണ് നിരവധി വായനക്കാർ. സമൂഹത്തെ ഗ്രസിച്ച, വിശിഷ്യാ കുടുംബകങ്ങളിലേക്ക് വലിഞ്ഞു കയറിയ അരുതായ്മകളെ കുറിച്ച് അവബോധമുണ്ടാക്കുന്നവയാണ് ഇൗ യുവനോവലിസ്റ്റിന്റെ പണിപ്പുരയിൽ നിന്ന് പിറവിയെടുത്ത രചനകളിലധികവും. വളരെ ലളിതമായ ശൈലിയിൽ, മനോഹരമായി അവതരിപ്പിക്കുന്നതിനാൽ കുട്ടികളുടെ ഇഷ്ടപ്പെട്ട എഴുത്തുകാരൻ കൂടിയാണ് ഫിറോസ്ഖാൻ.

പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം പഞ്ചായത്തിലെ പുത്തനങ്ങാടിയിൽ ഇടുപൊടിയൻ ഉമ്മർ- ഖദീജ ദമ്പതികളുടെ മകനാണ് ഫിറോസ്ഖാൻ. സ്കൂൾ പഠനത്തിനു ശേഷം എടവണ്ണപ്പാറ റശീദിയ്യ അറബിക് കോളേജിൽ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കെയാണ് എഴുത്തിന്റെ വഴിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രസ്തുത കോളേജിൽ പഠിച്ചു കൊണ്ടിരിക്കെ ആദ്യ നോവൽ പിറന്നു. ‘കണ്ണീർകടലിലെ സ്നേഹതീരം’. കോഴിക്കോട് ശിഫ ബുക്സ് ആണ് ഇത് പ്രസിദ്ധീകരിച്ചത്. പ്രസ്തുത നോവൽ കൈരളി ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ സ്വീകാര്യതയും പ്രതികരണവും ലഭിച്ചപ്പോൾ എഴുത്ത് ഫിറോസ്ഖാന് ആവേശമായി മാറി.

രണ്ടാമതെഴുതിയത് ‘എന്റെ ഉമ്മ.’ ഫിറോസ്ഖാനെന്ന എഴുത്തുകാരൻ നിരവധി ഹൃദയങ്ങളിലേക്ക് ഒാടിക്കയറിയത് ഇൗ നോവലിലൂടെയാണ്. ഉമ്മയെ വേദനിപ്പിക്കുന്ന മക്കളുടേയും മരുമക്കളുടേയും കഥ പറയുന്ന ‘എന്റെ ഉമ്മ’ നിരവധി വായനക്കാരെ കണ്ണീരണിയിച്ചു. പിന്നീട് ആ വിരൽതുമ്പിൽ നിന്ന് ഉതിർന്നു വന്നത് രണ്ടര ഡസനോളം നോവലുകൾ. എല്ലാം ഹൃദ്യമായവ. വായിച്ചു തുടങ്ങിയാൽ നോവൽ തീർന്നതിനു ശേഷമേ പുസ്തകം താഴെ വെക്കൂ എന്നത് കേവലം ഭംഗിവാക്കല്ല, പലരും അനുഭവം പറഞ്ഞതാണ്.
കണ്ണീർകടലിലെ സ്നേഹതീരം, എന്റെ ഉമ്മ, സ്നേഹതീരത്തേക്കൊരു മടക്കയാത്ര, എരിഞ്ഞമർന്ന ഇതളുകൾ, ചിറകൊടിഞ്ഞ സ്വപ്നങ്ങൾ, ഉരുകിത്തീരുന്ന ജന്മങ്ങൾ, നീല നിലാവ്, ഉണർവ്വ്, കറ, കൂരിരുട്ട്, ഉറങ്ങാൻ വൈകിയ രാത്രി, മാഞ്ഞുപോയ നക്ഷത്രങ്ങൾ, സഫലമീ ജീവിതം, പറന്നുയരും മുമ്പേ, അറിഞ്ഞിരുന്നില്ല ഞാൻ, ഇനിയും ഒരുപാട്, ആർക്കു വേണ്ടി, യതീം, വാടാത്ത പുഷ്പങ്ങൾ, സ്നേഹപൂർവ്വം ബാബുമാസ്റ്റർക്ക്, ഇത് കൊലാലയമാണ്, കെടാവിളക്ക്, നിനക്കായ്, മരുപ്പച്ച തേടി, ഒാർമയിലെ ക്യാമ്പസ്, ഒരിക്കൽ കൂടി, പക, വിധി, വിരൽപാടുകൾ, പ്രതീക്ഷകൾക്കപ്പുറം എന്നീ നോവലുകളും മതം സമാധാനമാണ്(ലേഖനം), മർഹൂം പി.ടി യൂസുഫ് മുസ്ലിയാർ(ജീവിത ചരിത്രം) എന്നീ കൃതികളുമാണ് ഫിറോസ്ഖാന്റെ തൂലിക്കത്തുമ്പിൽ നിന്ന് നിർഗളിച്ചത്.
ലളിതമായ ശൈലിയാണ് ഫിറോസ്ഖാന്റെ പ്രത്യേകത. കുട്ടികൾക്കു കൂടി എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാനാവുന്ന രചനാരീതിയായതിനാൽ നിരവധി കുട്ടി ആരാധകർ കൂടിയുണ്ട് ഫിറോസ്ഖാന്. നോവൽ വായിച്ച് ഹൃദയം പൊട്ടി വിളിച്ച നിരവധി വായനക്കാരുടെ അനുഭവങ്ങൾ ഫിറോസ്ഖാന് പങ്കുവെക്കാനുണ്ട്.

മറക്കാനാവാത്ത വാക്കുകൾ ചേർത്ത് കത്തെഴുതിയ വായനക്കാരേറെ. അതേ കഥയാണെന്റെ ജീവിതമെന്ന് തേങ്ങിയവർ, ഇനിയെന്റെ ഉമ്മയെ ഞാൻ അതിരറ്റ് സ്നേഹിക്കുമെന്ന് പ്രതിജ്ഞയെടുത്തവർ, ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് മനസ്സ് തുറന്നവർ.... വായനക്കാരുടെ പ്രതികരണങ്ങൾ പല തരത്തിലാണ്. എല്ലാം കേൾക്കുമ്പോഴും കൂടുതൽ വിനയാന്വിതനാവുകയാണ് ഫിറോസ്ഖാൻ. എഴുത്തിന്റെ വഴിയിലെ ശ്രമങ്ങൾ ശക്തിയുക്തം തുടരണമെന്ന പ്രചോദനമാണ് ഒാരോ പ്രതികരണത്തിൽ നിന്നും ലഭിക്കുന്നതെന്ന് ഫിറോസ്ഖാൻ പറയുന്നു.

‘എന്റെ ഉമ്മ’ എന്ന നോവൽ ഇതിനകം പത്ത് എഡിഷനുകളിലായി അര ലക്ഷത്തോളം കോപ്പികൾ പുറത്തിറങ്ങി. കന്നട, ഇംഗ്ലീഷ് ഭാഷകളിലും ഇൗ നോവൽ പ്രസിദ്ധീകരിച്ചു. ഇതിന്റെ മലയാളത്തിലുള്ള ദൃശ്യാവിഷ്ക്കാരം പുറത്തിറങ്ങിയിട്ടുണ്ട്. ഇൗ നോവലാണ് യുവനോവലിസ്റ്റിന് കൂടുതൽ വായനക്കാരെ ഉണ്ടാക്കിയത്. ഇത് വായിച്ച് നിരവധി പ്രതികരണങ്ങൾ വന്നതായി ഫിറോസ്ഖാൻ സാക്ഷ്യപ്പെടുത്തുന്നു. ആൻഡമാനിൽ ജോലി ചെയ്യുന്ന ഗൂഢല്ലൂർ എല്ലമല സ്വദേശി ‘എന്റെ ഉമ്മ’ വായിച്ചതിനു ശേഷം പ്രതികരിച്ചതിങ്ങനെയാണ്, പ്രസ്തുത നോവൽ വായിച്ച് ഞാൻ ഒരുപാട് കരഞ്ഞു. വീട്ടിലേക്ക് വിളിച്ച് ഉമ്മയോട് ഹൃദയം തുറന്ന് സംസാരിച്ചു. എല്ലാ അരുതായ്മകൾക്കും മനം പൊട്ടി മാപ്പ് പറഞ്ഞു.

അരീക്കോട് മൂർക്കനാടിൽ ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾ മുങ്ങി മരിച്ചത് കേരളത്തെ നടുക്കിയ ദുരന്തമായിരുന്നല്ലോ. പ്രസ്തുത സംഭവം അടിസ്ഥാനമാക്കി ഫിറോസ്ഖാൻ എഴുതിയ നോവൽ ‘പറന്നുയരും മുമ്പേ...’ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. മരണപ്പെട്ട വിദ്യാർത്ഥികൾ പഠിച്ചിരുന്ന മൂർക്കനാട് ഹൈസ്കൂളിൽ വെച്ച് കൊണ്ടാണ് പ്രസ്തുത പുസ്തകത്തിന്റെ പ്രകാശന കർമ്മം നടന്നത്.

ഗോവിന്ദച്ഛാമി ഇല്ലാതാക്കിയ സൗമ്യയെന്ന പെൺകുട്ടി കേരളത്തിന്റെ ഒാർമത്താളുകളിലെ കണ്ണീർത്തുള്ളിയാണ്. സൗമ്യയുടെ കഥ പറയുന്ന നോവലാണ് ‘ഉറങ്ങാൻ വൈകിയ രാത്രി.’ നോവൽ വായിച്ചു തീരുമ്പോഴേക്ക് നയനങ്ങൾ നനയാതിരിക്കില്ലെന്ന് തീർച്ച. ക്യാമ്പസ് ജീവിതത്തിനിടെ മരണമടഞ്ഞ മൂന്ന് സുഹൃത്തുക്കളുടെ സ്മരണയിൽ ആത്മകഥാരൂപത്തിൽ എഴുതിയ നോവലാണ് ‘മാഞ്ഞു പോയ നക്ഷത്രങ്ങൾ’. കൂടെ പഠിച്ചവർ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയതിന്റെ വേദന കടിച്ചമർത്തി പേനയുന്തിയതിന്റെ അടയാളങ്ങൾ വരികൾക്കിടയിൽ നിന്ന് വായിച്ചെടുക്കാം

പ്രസാധകരായ ഇസ ബുക്സ്, ശിഫ ബുക്സ്, നൂറുൽ ഉലമ ബുക്സ്, ചെമ്മാട് ദാറുൽ ഹുദായുടെ ബുക് പ്ലസ് എന്നിവരാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുളളത്. സ്നേഹതീരത്തേക്കൊരു മടക്കയാത്ര, വാടാത്ത പുഷ്പങ്ങൾ എന്നിവ അഞ്ച് എഡിഷനുകളും എരിഞ്ഞമർന്ന ഇതളുകൾ, നീലനിലാവ് എന്നിവ നാല് എഡിഷനുകളും ഉണർവ്വ്, ചിറകൊടിഞ്ഞ സ്വപ്നങ്ങൾ എന്നിവ മൂന്നും കുഞ്ഞിവാവ, അറിഞ്ഞിരുന്നില്ല ഞാൻ, ഉരുകിത്തീരുന്ന ജന്മങ്ങൾ, കണ്ണീർകടലിലെ സ്നേഹതീരം എന്നിവ രണ്ട് എഡിഷനുകളും പുറത്തിറങ്ങി. ആറ് നോവലുകൾ കന്നട ഭാഷയിലേക്കും എന്റെ ഉമ്മ എന്ന നോവൽ ഇംഗ്ലീഷിലേക്കും ഭാഷാന്തരം ചെയ്തിട്ടുണ്ട്. മൂന്ന് നോവലുകൾ ഉർദുവിലേക്ക് മൊഴിമാറ്റം നടത്താനുള്ള തയ്യാറെടുപ്പിലാണ്.

ഫിറോസ്ഖാന്റെ ഇതിവൃത്തങ്ങളധികവും കുടുംബബന്ധവുമായി ബന്ധപ്പെട്ടുള്ളതാണ്. സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന പച്ചയായ യാഥാർത്ഥ്യങ്ങൾക്ക് ഹൃദ്യമായ അവതരണശൈലി നൽകിയിരിക്കുകയാണ് നോവലിസ്റ്റ്. ഇടനെഞ്ചിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സ്നേഹം, കരുണ, ദയ എന്നീ വികാരങ്ങൾ വിഷയീഭവിച്ചിട്ടുണ്ട്. സമൂഹത്തെ കാർന്നു തിന്നുന്ന പലിശ, സ്ത്രീധനം, പണത്തോടുള്ള ആർത്തി തുടങ്ങിയ വിപത്തുകളും നോവലുകളിൽ ചർച്ചയാവുന്നു. അധുനാതന യുഗത്തിൽ കൊടികുത്തി വാഴുന്ന അധാർമികതയും അരുതായ്മകളും ചിലതിലെ കഥകളായി വരുന്നുണ്ട്. മനുഷ്യ മനസ്സിൽ നിന്ന് ആട്ടിയിറക്കേണ്ട വീറും വാശിയും അഹങ്കാരവും ഹൃദയ ഭിത്തിയിൽ ഒട്ടിച്ചു വെക്കേണ്ട സ്നേഹവും സഹകരണവും അനുകമ്പയും നോവലുകൾ നൽകുന്ന വലിയ സന്ദേശമാണ്. സ്വാർത്ഥതയുടെ പട്ടുമെത്തയിൽ സുഖലോലുപതയിലാണ്ടു പോയ മാനവ സമൂഹത്തിന് മുമ്പിൽ അവബോധത്തിന്റെ ഉണർത്തുപാട്ടായിട്ടാണ് പ്രസ്തുത നോവലുകൾ കടന്നു വരുന്നത്.

അധാർമികതയും അശ്ലീലതയും വ്യാപകമായ കാലത്ത്, ധാർമ്മികതയുടെ പക്ഷത്ത് നിന്നുള്ള ശക്തമായ എഴുത്ത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. തിന്മയുടെ ഇരുൾഭൂതങ്ങൾ പരിസരത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ നന്മയുടെ രചനാശൈലികൾ തുടരുക തന്നെ വേണം. നേരും നെറിയും സംസ്ക്കാരവും, വളരുന്ന തലമുറയിൽ ഉൗട്ടിയുറപ്പിക്കാനാവുന്ന കഥകളാണ് ഫിറോസ്ഖാന്റെ ഹൃത്തിൽ നിന്നിറങ്ങി വന്നതഖിലവും. നമ്മുടെ സംസ്ക്കാരത്തേയും ശ്ലീലതയേയും കൊഞ്ഞനം കുത്തുന്ന സാരങ്ങൾ വരികൾക്കിടയിൽ ഒളിപ്പിച്ചു വെച്ച്, വായനക്കാരെ ഇക്കിളിപ്പെടുത്താൻ മറക്കാത്ത നോവലെഴുത്തുകാരിൽ നിന്നും മാറി നടക്കുന്ന ഫിറോസ്ഖാൻ, സ്വാർത്ഥലാഭങ്ങൾ സ്വപ്നം കണ്ട് അരുതായ്മകളോട് രാജിയാവുന്ന രചനാ സമീപനങ്ങൾ സ്വീകരിക്കാതെ, നന്മയുടെ പൂക്കൾ വിടരുന്ന എഴുത്തിന്റെ നേർവഴി തെരഞ്ഞെടുത്തത് ഏറെ ശ്ലാഘനീയം തന്നെ.

മണ്ണാർക്കാട് സബ്ജില്ലയിലെ തച്ചനാട്ടുകര ലെഗസി യു.പി സ്കൂളിലെ ഉർദു അദ്ധ്യാപകനാണ് ഫിറോസ്ഖാൻ. ഭാര്യ ഫാത്തിമ ശഹന പുത്തനങ്ങാടി പി.ടി.എം.യു.പി സ്കൂളിലെ അദ്ധ്യാപികയാണ്. മകൻ ഖിദാഷ് ഖാൻ. സഹോദരി ഷംല ശെറിൻ.
ഞെരളത്ത് സാംസ്ക്കാരിക വേദി അവാർഡ്, ഉദയം അവാർഡ്, മക്കരപ്പറമ്പ് സാംസ്ക്കാരിക വേദിയുടെ യുവ സാഹിത്യ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. എഴുത്തിന് പുറമെ പൊതുപ്രവർത്തനത്തിലും താൽപര്യമുള്ള ഫിറോസ്ഖാൻ നല്ലൊരു പ്രഭാഷകൻ കൂടിയാണ്. മികച്ച ടൈ്രനർക്കുള്ള മിലൻ അവാർഡും ഫിറോസ്ഖാൻ കരസ്ഥമാക്കിയിട്ടുണ്ട്.


Related UPdates
newsletter

Subscribe to our email newsletter