3
Friday
April 2020

3
Friday
April 2020

News UPDATES

കളിക്കിടെ മൈതാനത്ത് വെച്ച് നോമ്പ് തുറന്നു; തൊട്ട് പിറകില്‍ ഗോളും നേടി

9th of May 2019

ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടമായിരുന്ന  അയാക്‌സും ടോട്ടനവും തമ്മില്‍ നടന്ന  മല്‍സരത്തിനിടെയാണ് ശ്രദ്ദേയ മൂഹൂര്‍ത്തമുണ്ടായത്. സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് വമ്പന്‍ പോരാട്ടത്തിലും റമദാന്‍ നോമ്പു മുടക്കാതിരുന്ന അയാക്‌സ് താരങ്ങളെക്കുറിച്ചാണ്. മധ്യനിര താരം ഹക്കിം സിക്കും പ്രതിരോധ താരം നൂസൈര്‍ മസൂറിയുമാണ് റമദാന്‍ നോമ്പെടുത്ത് മത്സരത്തിനിടെ നോമ്പു തുറന്നത്.

മത്സരത്തിന്റെ ഇരുപത്തിനാലാം മിനുട്ടിലാണ് ഇരു താരങ്ങളും നോമ്പു തുറന്നത്. മത്സരത്തിനിടെ സൈഡ് ലൈനിലേക്ക് ഓടിയ താരങ്ങള്‍ ഭക്ഷണവും വെള്ളവും കഴിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. നോമ്പു തുറന്നതിനു ശേഷം തിരികെയെത്തിയ ഹക്കിം സിയക്ക് ഒരു ഗോള്‍ നേടുകയും ചെയ്തു. മുപ്പത്തിയഞ്ചാം മിനുട്ടിലാണ് ദുസന്‍ ടാഡിച്ചിന്റെ അസിസ്റ്റില്‍ മൊറോക്കന്‍ താരം ടോട്ടനം ഹോസ്പറിന്റെ വല കുലുക്കി തകര്‍പ്പനൊരു ഗോള്‍ നേടിയത്. അയാക്‌സിനെ ഫൈനലിലെത്തിക്കാന്‍ ആ ഗോളിനു കഴിഞ്ഞില്ലെങ്കിലും മത്സരത്തിനിടയിലും നോമ്പെടുത്ത ഇരു താരങ്ങളുടെയും പ്രവൃത്തിക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ അഭിനന്ദന പ്രവാഹമാണുണ്ടായത്.

ഇരു താരങ്ങളുടെയും പ്രവൃത്തിയെ സാമൂഹ്യ മാധ്യമങ്ങള്‍ അഭിനന്ദിക്കുന്നതിനൊപ്പം വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. മത്സരത്തില്‍ താരങ്ങളുടെ ശാരീരിക ശേഷിയെ ഇതു ബാധിക്കുമെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. എന്നാല്‍ അതില്‍ കഴമ്പൊന്നുമില്ലെന്ന് ഇരു താരങ്ങളും തെളിയിച്ചുവെന്നതാണു സത്യം. മത്സരത്തില്‍ ഇരുവരും മികച്ച പ്രകടനമാണു പുറത്തെടുത്തത്. സിയക്ക് തന്നെയാണ് അയാക്‌സില്‍ ഇന്നലെ മികച്ച പ്രകടനം പുറത്തെടുത്ത താരം. ഒരു ഗോള്‍ നേടിയതിനു പുറമേ രണ്ടാം പകുതിയില്‍ അയാക്‌സിന്റെ വിജയമുറപ്പിക്കേണ്ടിയിരുന്ന ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചത് മൊറോക്കന്‍ താരത്തിനു തിരിച്ചടിയായി.

മൂന്നു ഗോളിന്റെ ലീഡ് സ്വന്തം മൈതാനത്ത് രണ്ടാം പകുതിയില്‍ കളഞ്ഞു കുളിച്ച അയാക്‌സ് വര്‍ഷങ്ങള്‍ക്കു ശേഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലെന്ന സ്വപ്നമാണ് ഇല്ലാതാക്കിയത്. അതേ സമയം തിരിച്ചു വരവിനുള്ള സാധ്യത വളരെ നേര്‍ത്തതായിരുന്നിട്ടും അതിനു വേണ്ടി അവസാന നിമിഷം വരെ പൊരുതിയ സ്പര്‍സ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കു ചുവടു വക്കുകയും ചെയ്തു.


Related UPdates
newsletter

Subscribe to our email newsletter