8
Wednesday
July 2020

8
Wednesday
July 2020

News UPDATES

എം.ഇ.എസിനെതിരെ എസ്.കെ.എസ്.എസ്.എഫ് ഇത് വെളളരിക്കപ്പട്ടണമല്ല

1st of May 2019

കോഴിക്കോട്:  എം.ഇ.എസിന് കീഴിലുളള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മുഖം മറച്ച് വരുന്നതിനെ യാതൊരു കാരണവശാലും അംഗീകരിക്കരുതെന്ന നിര്‍ദേശം സ്ഥാപനങ്ങള്‍ക്ക് എം.ഇ.എസ്. പ്രസിഡന്റ് ഫസല്‍ ഗഫൂറിന്റെ പേരില്‍ നല്‍കുന്ന സര്‍ക്കുലറിനെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധവുമായി രംഗത്ത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഫെയ്‌സ് ബൂക്കിലൂടെയാണ് പ്രതിഷേധവുമായെത്തിയത്. അള്‍ട്രാ സെക്കുലര്‍ ആവാന്‍ ചില ഇഷ്ടക്കാരെ തൃപ്തിപ്പെടുത്താന്‍ പിതാവിന്റെ പാത പിന്തുടരുന്ന ഫസല്‍ ഗഫൂകോമാളി വേഷം കെട്ടുകയാണെന്നും 'ആ വസ്ത്രം ധരിച്ച്  സ്ഥാപനത്തില്‍ പഠിക്കാനോ തൊഴിലെടുക്കാനോ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കുക തന്നെ ചെയ്യും, ഇത് അങ്ങയുടെ വെള്ളരിക്കാപട്ടണമല്ല; കേരളമാണ്' എന്നും സത്താര്‍ പന്തല്ലൂര്‍ ഫെയ്‌സ് ബൂക്ക് കുറിപ്പിലൂടെ ഓര്‍മപ്പെടുത്തുന്നുണ്ട്.

പോസ്റ്റ് വായിക്കാം.
മുസ് ലിം സ്ത്രീകളില്‍ ചിലര്‍ മുഖം കൂടി മറച്ച് പര്‍ദ്ദ ധരിക്കുന്ന വസ്ത്രധാരണ രീതി ലോക വ്യാപകമാണ്. അതിനോട് താത്പര്യമുള്ളവര്‍ അങ്ങനെ ധരിക്കുന്നതില്‍ ആര്‍ക്കും പ്രയാസവുമില്ല. വര്‍ത്തമാന കാലത്ത് അത് അനിവാര്യമാണെന്ന് ചിന്തിക്കുന്നവരുമുണ്ട്. എല്ലാം തുറന്നിടാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നത് പരിഷകൃതവും മറച്ച് വെക്കാനുള്ള അവകാശത്തെ കുറിച്ച് പറയുന്നത് അപരിഷ്‌കൃതവുമാവുന്നതിലെ കാപട്യം നമുക്ക് തിരിച്ചറിയാവുന്നതാണ്. 
മുസ് ലിം ന്യൂനപക്ഷത്തിന്റെ അവകാശത്തിന്റെ കുടപിടിക്കുകയും അതിന്റെ പേരില്‍ പരമാവധി നേടുകയും അതോടൊപ്പം തന്നെ മുസ് ലിം ഐഡന്റിറ്റി ദുര്‍ബലപ്പെടുത്തുകയും ചെയ്യന്ന വഞ്ചനാപരമായ നയം കൈകൊള്ളുന്നതില്‍ എം ഇ എസ് എന്നും മുന്നില്‍ നില്‍ക്കാറുണ്ട്. വിദ്യാഭ്യാസ രംഗത്ത് അവരുടെ സംഭാവനകളെ ഒട്ടും ചെറുതായി കാണുന്നില്ല. പക്ഷെ രാജ്യത്ത് മുസ് ലിംകള്‍ നിലനില്‍പ്പിന്റെ വെല്ലുവിളികള്‍ നേരിടുകയും അത് വേണ്ടുവോളം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു തെരഞ്ഞെടുപ്പ് കാലത്ത്, മുഖം മറച്ച പര്‍ദ്ദയും ധരിച്ച് മുസ് ലിം പെണ്‍കുട്ടികള്‍ തങ്ങളുടെ കാമ്പസുകളില്‍ എത്താതിരിക്കാന്‍ കോടതി വിധി സമ്പാദിക്കുന്ന തിരക്കിലായിരുന്നു എം.ഇ.എസ് എന്ന് കേള്‍ക്കുമ്പോള്‍ നാം അത്ഭുതപ്പെടുകയാണ്. വിവാദമില്ലാതെ ഇത് നടപ്പാലാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലറും നല്‍കിയിരിക്കുന്നു. 
മതവിരുദ്ധതയില്‍ മുമ്പേ പേരെടുത്ത പിതാവിന്റെ പാരമ്പര്യമുള്ള, താനൊരു അള്‍ട്രാ സെക്കുലറാണെന്ന് ചില ഇഷ്ടക്കാരെ തൃപ്തിപ്പെടുത്താന്‍ ഇടക്കിടെ കോമാളി വേഷം കെട്ടുന്ന പുത്രനും ഇതിലപ്പുറവും ചെയ്‌തേക്കാം. പക്ഷെ വിവാദമില്ലാതെ ഈ അപ്പം അത്ര പെട്ടന്ന് ചുട്ടെടുക്കാമെന്ന് ഫസല്‍ ഗഫൂര്‍ കരുതരുത്. ആ വസ്ത്രം ധരിച്ച് താങ്കളുടെ സ്ഥാപനത്തില്‍ പഠിക്കാനോ തൊഴിലെടുക്കാനോ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കുക തന്നെ ചെയ്യും, ഇത് അങ്ങയുടെ വെള്ളരിക്കാപട്ടണമല്ല; കേരളമാണ്.

 


Related UPdates
newsletter

Subscribe to our email newsletter